ധാക്ക: ബംഗ്ളാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കാൻ കരസേനാ മേധാവി ജനറൽ വേക്കർ ഉസ്സമാന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി),ജമാഅത്തെ ഇസ്ലാമി എന്നിവരുമായാണ് കരസേനാ മേധാവി കൂടിക്കാഴ്ച നടത്തിയത്. അക്രമം അവസാനിപ്പിക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം അഭ്യർത്ഥിച്ചു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുമെന്നും എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നും ജനറൽ ഉസ്സമാൻ ഉറപ്പു നൽകി. പ്രക്ഷോഭകരെ വെടിവയ്ക്കില്ലെന്നും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യംവിട്ടുവെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെആയിരത്തോളം പ്രക്ഷോഭകർ കർഫ്യൂ ലംഘിച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചെത്തി. ധാക്കയിലെ തെരുവുകളിൽ ബംഗ്ലാദേശ് പതാകയുമായി ജനക്കൂട്ടം നിറഞ്ഞു. നാല് ലക്ഷത്തോളം പ്രക്ഷോഭകർ തെരുവിലിറങ്ങിയെന്നാണ് റിപ്പോർട്ട്. ഹസീനയുടെ ഔദ്യോഗികവസതിയിൽ അതിക്രമിച്ചു കയറിയവർ ഓഫീസിനുള്ളിലെ സാമഗ്രികൾ നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, ഹസീനയുടെ രാജി ഇവർ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിനയായ
സംവരണ തീരുമാനം
വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്കുള്ള സംവരണമാണ് ഷെയ്ഖ് ഹസീനയുടെ കസേര തെറിപ്പിച്ച പ്രക്ഷോഭത്തിന് വഴിതെളിച്ചത്. 1972ലാണ് ബംഗ്ലാദേശിൽ സർക്കാർ ജോലിയിൽ സംവരണ സംവിധാനം ഏർപ്പെടുത്തിയത്. 2012ലെ കണക്ക് പ്രകാരം വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾ (30%), സ്ത്രീകൾ (10%), പിന്നാക്ക വിഭാഗം (10%), ഗോത്ര വിഭാഗം (5%), ഭിന്നശേഷിക്കാർ (1%) എന്നിങ്ങനെ 56 ശതമാനം സംവരണത്തിനായി നീക്കിവച്ചു. 44 ശതമാനം മെറിറ്റ് അടിസ്ഥാനത്തിലും. വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് തുടക്കം മുതൽ 30 ശതമാനം സംവരണം നീക്കിവച്ചിരുന്നു. 2010ൽ കൊച്ചുമക്കളെയും സംവരണത്തിന് കീഴിൽ ഉൾപ്പെടുത്തി. തൊഴിലില്ലായ്മ രൂക്ഷമായതോടെ ഇത് അനാവശ്യമാണെന്ന് കാട്ടി പ്രതിഷേധമുയർന്നു. പ്രക്ഷോഭത്തിലേക്ക് നീങ്ങിയതോടെ 2018ൽ ഷെയ്ഖ് ഹസീന സർക്കാർ എല്ലാ സംവരണങ്ങളും നിറുത്തലാക്കാൻ ഉത്തരവിട്ടു. ജൂണിൽ ബംഗ്ലാദേശ് സുപ്രീംകോടതി സംവരണം പുനഃസ്ഥാപിച്ചതോടെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രക്ഷോഭം തുടങ്ങി. തുടർന്ന് കഴിഞ്ഞമാസം സുപ്രീംകോടതി ഈ സംവരണം 5ശതമാനമായും മൊത്തം സംവരണം 7ശതമാനമായും കുറച്ചിരുന്നു.
കർഫ്യൂ ചൊവ്വാഴ്ച പുലർച്ചെ അവസാനിക്കും, സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും വീണ്ടും തുറക്കുമെന്ന് സൈന്യം അറിയിച്ചു.
ജയിലിൽ കഴിയുന്ന എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിക്കാൻ ബംഗ്ലാദേശ് പ്രസിഡൻ്റ് ഉത്തരവിട്ടതായി പ്രസ്താവനയിൽ പറയുന്നു.