d

ന്യൂഡൽഹി: മദ്യനയക്കേസിലെ വിചാരണ തീരാൻ ഇനിയും എത്രകാലമെടുക്കുമെന്ന്, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ സുപ്രീംകോടതി. ഇ.ഡി, സി.ബി.ഐ കേസുകളിൽ സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷകൾ വാദം പൂർത്തിയായതിനെ തുടർന്ന് വിധി പറയാൻ മാറ്റി. വിചാരണയ്‌ക്ക് എന്ന് അവസാനമുണ്ടാകുമെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഇ.ഡിയോട് ചോദിച്ചു.

വിചാരണക്കോടതിയിൽ കേസ് രേഖകൾ മുതലായവ ആവശ്യപ്പെട്ട് ഒന്നിന് പിറകെ ഒന്നായി സിസോദിയ അപേക്ഷകൾ നൽകുന്നുവെന്നും ഇതുകാരണമാണ് വിചാരണ വൈകുന്നതെന്നും ഇ.ഡി പ്രതികരിച്ചു. ഒരു അപേക്ഷ പോലും വിചാരണക്കോടതി നിരസിച്ചിട്ടില്ലല്ലോയെന്ന് ജസ്റ്റിസ് ഗവായ് തിരിച്ചുചോദിച്ചു, സിസോദിയ അപേക്ഷ നൽകിയതു കൊണ്ടുമാത്രമാണ് രേഖകൾ ഇ.ഡി നൽകിയതെന്നും വ്യക്തമാക്കി. വിചാരണ വലിച്ചുനീട്ടാനുള്ള അനാവശ്യ അപേക്ഷകളെന്ന് വിചാരണക്കോടതി കണ്ടെത്തിയിട്ടില്ലെന്ന് ജസ്റ്റിസ് വിശ്വനാഥനും കൂട്ടിച്ചേർത്തു. 17 മാസത്തിലേറെയായി തീഹാർ ജയിലിൽ കഴിയുന്ന സിസോദിയ മൂന്നാം തവണയാണ് പരമോന്നത കോടതിയെ സമീപിച്ചത്. 2023 ഫെബ്രുവരി 26ന് സി.ബി.ഐയും മാർച്ച് ഒൻപതിന് ഇ.ഡിയും സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.