ന്യൂഡൽഹി : മുൻ ഭർത്താവിനെതിരെ ഇമെയിലിൽ നിരന്തരം അപവാദം പ്രചരിപ്പിച്ചെന്ന മാനനഷ്‌ടക്കേസിൽ മധ്യവയസ്‌ക 15 ലക്ഷവും പലിശയും നഷ്‌ടപരിഹാരം നൽകണമെന്ന് വിധിച്ച് ഡൽഹി സാകേത് ജില്ലാകോടതി. വിവാഹമോചനത്തിന് ശേഷവും മുൻഭാര്യ ഇമെയിൽ തുടങ്ങിയവയിലൂടെ തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്നാണ് ഡൽഹി സ്വദേശിയായ മുൻ ഭർത്താവിന്റെ പരാതി. വ്യാജ ആരോപണങ്ങളുന്നയിച്ച് കോടതികളിൽ ഹർജികളും നൽകുന്നു. മുൻഭാര്യ സുഹൃത്തുക്കളോട് ഇമെയിലിൽ തനിക്കും അമ്മയ്‌ക്കുമെതിരെ അപകീർത്തികരമായ കാര്യങ്ങൾ അറിയിക്കുന്നു. ജോലിസ്ഥലത്തേക്കും ഇമെയിൽ അയയ്ക്കുന്നു. നിരന്തരമായ മാനസിക പീഡനത്തിൽ രോഗബാധിതനായെന്നും, ശസ്ത്രക്രിയക്ക് വേണ്ടി വന്നെന്നും മുൻഭർത്താവ് വ്യക്തമാക്കി. ആറുലക്ഷം രൂപ ശസ്ത്രക്രിയക്ക് ചെലവായി. മകളെ കാണാൻ അനുവദിക്കുന്നില്ലെന്നും പരാതിപ്പെട്ടു.
തന്നെ മനപ്പൂർവ്വം ദ്രോഹിക്കാനാണ് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മാനനഷ്‌ടക്കേസ് നൽകിയതെന്ന് മധ്യവയസ്‌ക വാദിച്ചു. രേഖകൾ ഉൾപ്പെടെ പരിശോധിച്ച ജഡ്‌ജി സുനിൽ ബേനിവാളിന് മുൻഭർത്താവിന്റെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് വ്യക്തമായി. 15 ലക്ഷം രൂപയും, ഒൻപത് ശതമാനം പലിശയും സഹിതം നൽകണമെന്നും ഉത്തരവിട്ടും.