ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ പോകുകയാണോയെന്ന് ഇ.ഡിയോട് ഡൽഹി ഹൈക്കോടതി. റൗസ് അവന്യു കോടതി കേജ്രിവാളിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഇ.ഡിയുടെ ആവശ്യം പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജൂലായ് 12ന് ഇ.ഡി കേസിൽ സുപ്രീംകോടതി കേജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇനി എന്താണ് ഇ.ഡി ചെയ്യാൻ പോകുന്നത് എന്നതിലാണ് ഹൈക്കോടതി ഇന്നലെ സംശയമുന്നയിച്ചത്. താൻ ആശയക്കുഴപ്പത്തിലാണെന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ പറഞ്ഞു. വിചാരണക്കോടതി നൽകിയ ജാമ്യം ഹൈക്കോടതി റദ്ദാക്കിയാൽ വീണ്ടും അറസ്റ്റ് ചെയ്യുമോയെന്ന് ചോദിക്കുകയായിരുന്നു.
സുപ്രീംകോടതി ഇതുവരെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ലെന്ന് ഇ.ഡി പ്രതികരിച്ചു. അനുവദിച്ചിരിക്കുന്നത് ഇടക്കാല ജാമ്യമാണെന്നും വാദിച്ചു. പീഡിപ്പിക്കുകയെന്നത് മാത്രമാണ് ഇ.ഡിയുടെ ലക്ഷ്യമെന്ന് കേജ്രിവാളിന്റെ അഭിഭാഷകൻ ആരോപിച്ചു. ഇ.ഡി ഏത് മായിക ലോകത്താണ് ജീവിക്കുന്നത് എന്നതിന്റെ ക്ലാസിക് ഉദാഹരണമാണെന്നും പ്രതികരിച്ചു.
അതിഷി ദേശീയ പതാക ഉയർത്തും
താൻ തിഹാർ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി അതിഷി സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഇക്കാര്യം വ്യക്തമാക്കി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയ്ക്ക് കത്ത് നൽകി. 2015 മുതൽ ഛത്രസൽ സ്റ്റേഡിയത്തിലാണ് ഡൽഹി സർക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടക്കുന്നത്.