ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന വഖഫ് ബോർഡുകളിലും കൗൺസിലിലും മുസ്ലിം സ്ത്രീകൾക്കും അമുസ്ലിം അംഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കുന്ന പുതിയ ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും.1995ലെ വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിനൊപ്പം 1923ലെ വഖഫ് നിയമം ഇല്ലാതാക്കാൻ മറ്റൊരു ബിൽ അവതരിപ്പിക്കും. സഭയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ബില്ലിന്റെ പകർപ്പ് അംഗങ്ങൾക്ക് നൽകിയിരുന്നു. മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കായി ഇസ്ലാമിക നിയമപ്രകാരം നീക്കിവച്ചിരിക്കുന്ന വഖഫ് സ്വത്തുക്കൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുകയാണ് പുതിയ ബില്ലിന്റെ ലക്ഷ്യമെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം.
അധികാരം കളക്‌ടർക്ക്
ബില്ലിലെ പ്രധാന വ്യവസ്ഥകൾ:
നിലവിൽ സ്വത്ത് തരം തിരിക്കാൻ വഖഫ് ബോർഡിനുണ്ടായിരുന്ന അധികാരങ്ങൾ എടുത്തുകളഞ്ഞ് ജില്ലാ കളക്‌ടറിൽ നിക്ഷിപ്‌തമാക്കും
വഖഫ് സ്വത്തുക്കളുടെ സർവേ നടത്താൻ ജില്ലാ കളക്ടർക്ക് അധികാരം
കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡിലും രണ്ട് വനിതകൾ വേണം
ഒരു കേന്ദ്രമന്ത്രി, മൂന്ന് എം.പിമാർ, മൂന്ന് മുസ്ലിം സംഘടനാ പ്രതിനിധികൾ, മൂന്ന് മുസ്ലിം നിയമവിദഗ്ദ്ധർ എന്നിവരടങ്ങുന്നതാണ് കൗൺസിൽ. ഇതിൽ സുപ്രീംകോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച രണ്ട് ജഡ്‌ജിമാർ, ദേശീയ പ്രശസ്തിയുള്ള നാല് അംഗങ്ങൾ, മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ എന്നിവരും ഉൾപ്പെടും. ഇതിൽ രണ്ടുപേരെങ്കിലും സ്ത്രീകളായിരിക്കണം
മതപരമായ അടിസ്ഥാനത്തിൽ എം.പിമാരെയും സർക്കാർ ഉദ്യോഗസ്ഥരെയും നാമനിർദ്ദേശം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ കൗൺസിലിലും ബോർഡുകളിലും അമുസ്ലിം അംഗത്തെ ഉൾപ്പെടുത്താം
പുതിയ ബിൽ പ്രകാരം വഖഫ് വസ്തു രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പൊതു അറിയിപ്പ് വേണം
കേന്ദ്രീകൃത പോർട്ടൽ വഴി രജിസ്ട്രേഷൻ
വഖഫ് ബോർഡ് തീരുമാനങ്ങൾക്കെതിരെ 90 ദിവസത്തിനകം ഹൈക്കോടതിയിൽ അപ്പീൽ നൽകാം
മുസ്ലിം സമുദായാംഗങ്ങൾക്ക് മാത്രമേ സ്വത്ത് വഖഫ് കൗൺസിലിനോ ബോർഡിനോ ദാനം ചെയ്യാനാകൂ. ദാനം ചെയ്യുന്ന ആൾ നിയമപരമായി ഉടമയായിരിക്കണം
തർക്കമുള്ള വഖഫ് സ്വത്തുക്കളിൽ സർക്കാർ അന്വേഷണം നടത്തിയ ശേഷം രേഖകൾ ക്രമീകരിക്കും
വഖഫ് ബോർഡിന് ലഭിക്കുന്ന പണം സർക്കാർ നിർദ്ദേശിക്കുന്ന രീതിയിൽ വിധവകളുടെയും വിവാഹമോചിതരുടെയും അനാഥരുടെയും ക്ഷേമത്തിനായി ഉപയോഗിക്കണം
ബൊഹ്‌റ, അഗാഖാനി സമുദായങ്ങൾക്കായി പ്രത്യേക ബോർഡും നിർദ്ദേശിക്കുന്നു
ഷിയ, സുന്നി, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ പ്രാതിനിധ്യം ഉറപ്പാക്കും
പ്രതിഷേധം തുടരുന്നു
വഖഫ് നിയമത്തിലെ ഒരു മാറ്റവും അനുവദിക്കാനാകില്ലെന്നാണ് ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലാ ബോർഡിന്റെ നിലപാട്. കോൺഗ്രസ്, സമാജ്‌വാദി, മുസ്ളിം ലീഗ് അടക്കം പ്രതിപക്ഷ കക്ഷികളും പുതിയ ബില്ലിനെതിരെ രംഗത്തുണ്ട്. ഭേദഗതി മുസ്ലിം സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കാനെന്ന് കേന്ദ്രസർക്കാർ. റെയിൽവേ, സൈന്യം എന്നിവ കഴിഞ്ഞാൽ രാജ്യത്ത് കൂടുതൽ ഭൂസ്വത്തുള്ള വഖഫ് ബോർഡുകളുടെ അനധികൃത കൈയേറ്റം തടയാനാണ് ബില്ലെന്ന് സർക്കാർ. ഇന്ത്യയിലുടനീളം 9.4 ലക്ഷം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 1.2 ലക്ഷം കോടി രൂപയുടെ സ്വത്തുക്കളാണ് നിലവിൽ വഖഫ് ബോർഡുകളുടെ നിയന്ത്രണത്തിലുള്ളത്.
വഖഫ് ബോർഡ്
ഇസ്ളാമിക നിയമം അംഗീകരിച്ചിട്ടുള്ള മതപരമോ ജീവകാരുണ്യമോ ആയ ആവശ്യങ്ങൾക്കായുള്ള സ്വത്തുക്കളാണ് വഖഫ്. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനും മതപരമോ ഭക്തിപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കായി അവ ഉപയോഗിക്കാനും ഉത്തരവാദിത്വമുള്ള നിയമപരമായ സ്ഥാപനമാണ് വഖഫ് ബോർഡ്. പള്ളികൾ, ശ്മശാനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന വഖഫ് ആസ്തികളുടെ പരിപാലനവും ഉപയോഗവും ബോർഡിന്റെ കീഴിലാണ്.
വഖഫ് ബോർഡ് ബില്ലിനെ എതിർക്കും:മുസ്ളീം ലീഗ്
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കുമെന്ന് മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി നേതാവ് ഇ. ടി. മുഹമ്മദ് ബഷീർ, എംപിമാരായ ഡോ.എം. പി അബ്ദുസമദ് സമദാനി, പി.വി അബ്ദുൾ വഹാബ്, നവാസ് ഗനി,അഡ്വ.ഹാരിസ് ബീരാൻ എന്നിവർ പറഞ്ഞു.
വഖഫ് സ്വത്തുക്കളെ ഇല്ലാതാക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് പാർലമെന്റ് അജണ്ടയിൽ ചേർക്കാതെ തെറ്റായ രീതിയിൽ ബിൽ കൊണ്ടുവരുന്നത്. ബിൽ പ്രകാരം വഖഫ് ബോർഡിന്റെ പ്രസക്തി നഷ്ടമാകും.സാധുക്കളും മഹാരഥൻമാരും നൽകിയ ഭൂമി തങ്ങളുടെ പരിധിയിലാക്കാനാണ് ബി.ജെ.പി നീക്കം. ഭൂമി മുസ്ലിം വിരുദ്ധ താത്പര്യക്കാരുടെ കൈയിൽ അകപ്പെടും. വഖഫ് ഭൂമിയിൽ അവകാശവാദമുന്നയിക്കുന്നവർക്ക് നിയന്ത്രണം സ്ഥാപിക്കാൻ കഴിയും വിധമാണ് ബിൽ. കോടിക്കണക്കിന് രൂപയുടെ വഖഫ് സ്വത്ത് ഇന്ത്യയുടെ പല ഭാഗത്തും കയ്യേറിയിട്ടുണ്ട്. സർക്കാർ തന്നെയാണ് ഏറ്റവും വലിയ കയ്യേറ്റക്കാർ. ഈ കയ്യേറ്റങ്ങൾക്ക് അംഗീകാരം ലഭിക്കാൻ ബിൽ വഴിതുറക്കും.