d

ന്യൂഡൽഹി: വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചത് അശ്രദ്ധമായ ഡ്രൈവിംഗാണെന്ന് പറയാൻ കഴിയില്ലെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. ഉത്തർപ്രദേശിൽ ട്രാക്‌ടറിനെ മറികടക്കാൻ ശ്രമിക്കവെ, തെറ്റായ ദിശയിലൂടെ പാഞ്ഞുവന്ന മറ്റൊരു ട്രാക്‌ടറിടിച്ച് ബൈക്ക് യാത്രിക മരിച്ച കേസ് പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് സി.ടി. രവികുമാറും സഞ്ജയ് കരോലും അടങ്ങിയ ബെഞ്ച്. ബൈക്കിന് പിന്നിലിരുന്ന ഭാര്യ മരിച്ചതിന് നഷ്‌ടപരിഹാരമായി 1,01,250 രൂപയാണ് മോട്ടോർ അപകട നഷ്‌ടപരിഹാര ട്രൈബ്യൂണൽ വിധിച്ചിരുന്നത്. ബൈക്കോടിച്ചിരുന്ന ഭർത്താവും എതിരെ വന്ന ട്രക്കിന്റെ ഡ്രൈവറും അപകടത്തിന് തുല്യഉത്തരവാദികളാണെന്നും കണ്ടെത്തി. അലഹബാദ് ഹൈക്കോടതി ഈ ഉത്തരവ് ശരിവച്ചു. തുടർന്ന് ഭർത്താവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കീഴ്ക്കോടതി നിലപാടിനെ സുപ്രീംകോടതി അംഗീകരിച്ചില്ല. ചെറിയ വേഗതയിൽ പോകുകയായിരുന്ന ട്രാക്‌ടറിനെയാണ് ബൈക്ക് യാത്രികർ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതെന്ന് രേഖകളിൽ വ്യക്തമാണ്. തെറ്റായ ദിശയിൽ എതിരെ വന്ന മറ്റൊരു ട്രാക്‌ടർ അമിതവേഗതയിലായിരുന്നു. അതാണ് അപകടമുണ്ടാക്കിയത്. വാഹനത്തെ മറികടക്കാൻ ശ്രമിച്ചത് അശ്രദ്ധമായ ഡ്രൈവിംഗായി ഈകേസിൽ കാണാൻ കഴിയില്ല. ഭർത്താവിനും അപകടത്തിൽ ഉത്തരവാദിത്തമുണ്ടെന്ന കണ്ടെത്തൽ ന്യായീകരിക്കാൻ കഴിയാത്തതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. നഷ്‌ടപരിഹാരതുക 11,25,000 രൂപയായും വർദ്ധിപ്പിച്ചു.