ന്യൂഡൽഹി : മുൻകൂർ ജാമ്യം നൽകുന്ന ഉത്തരവുകളിൽ പൊലീസിന് കസ്റ്റഡി ആവശ്യപ്പെടാമെന്ന് വ്യവസ്ഥ വയ്‌ക്കുന്ന ഗുജറാത്തിലെ കോടതികളുടെ പ്രവണത നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. മുൻകൂർ ജാമ്യത്തിന്റെ ആത്യന്തിക ഉദ്ദ്യേശത്തെ തന്നെ തുരങ്കം വയ്‌ക്കുന്നതാണ് ഇത്തരം നടപടികളെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
തട്ടിപ്പുക്കേസിൽ സുപ്രീംകോടതി അനുവദിച്ച മുൻകൂർ ജാമ്യഉത്തരവിലെ വ്യവസ്ഥയ്‌ക്ക് വിരുദ്ധമായി പ്രതിയെ ഗുജറാത്ത് സൂറത്തിലെ മജിസ്ട്രേട്ട് നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഈനടപടിക്കതെിരെ എടുത്ത കോടതിയലക്ഷ്യക്കേസിലാണ് പരാമർശങ്ങൾ. അന്വേഷണസംഘത്തിന് മുൻകൂർ ജാമ്യം ലഭിച്ച പ്രതിയെ കസ്റ്രഡിയിൽ ആവശ്യപ്പെടാമെന്ന് വ്യവസ്ഥ വച്ചിരുന്നില്ല. രാജ്യത്ത് നേരത്തെ നിലവിലുണ്ടായിരുന്ന ക്രിമിനൽ നടപടിക്രമത്തിലോ, പുതുതായി കൊണ്ടുവന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലോ അങ്ങനെയൊരു വകുപ്പില്ല. എന്നിട്ടും അങ്ങനെയൊരു നടപടിയുണ്ടായതിന് സൂറത്തിലെ മജിസ്ട്രേട്ടും പൊലീസ് ഇൻസ്‌പെക്‌ടറും കോടതിയലക്ഷ്യത്തിന് ഒരുപോലെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സെപ്‌തംബർ രണ്ടിന് ഇരുവരും സുപ്രീംകോടതിയിൽ നേരിട്ട് ഹാജരാകണമെന്നും നിർദ്ദേശിച്ചു. ശിക്ഷയുടെ കാര്യത്തിൽ അന്ന് തീരുമാനമെടുക്കും.