ന്യൂഡൽഹി: അയൽരാജ്യമായ ബംഗ്ലാദേശിൽ സംഭവിക്കുന്നത് ഇന്ത്യയിലും ആവർത്തിക്കാമെന്ന മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദിന്റെ പ്രസ‌്‌താവന വിവാദത്തിൽ.
ഒരു പുസ്‌തക പ്രകാശ ചടങ്ങിൽ ഇന്ത്യയിൽ കാര്യങ്ങൾ സാധാരണ നിലയാണെന്ന് തോന്നുമെങ്കിലും ബംഗ്ലാദേശിൽ സംഭവിക്കുന്നത് ഇവിടെയും സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു ഖുർഷിന്റെ പ്രസ‌്‌താവന. കാശ്‌മീരിലെ സാധാരണ നിലയും 2024ലെ ബി.ജെ.പിയുടെ വിജയവുമെല്ലാം ഉപരിപ്ളവമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബംഗ്ലാദേശ് വിഷയത്തിൽ സർക്കാരിനൊപ്പം നിൽക്കുന്നുവെന്ന് കോൺഗ്രസ് പറയുമ്പോളാണ് ഒരു നേതാവ് പ്രകോപനത്തിന് ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു. ഖുർഷിദിന്റെ പരാമർശങ്ങൾ രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകൾക്ക് പിന്നിലെ 'യഥാർത്ഥ ഉദ്ദേശ്യങ്ങൾ' വെളിപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി വിദേശത്ത് പോയി പലരെയും രഹസ്യമായി കാണുകയും ഇന്ത്യക്കെതിരെ സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അതിന്റെ ഉദ്ദേശം എന്താണെന്ന് ഇപ്പോൾ മനസ്സിലാക്കുന്നുവെന്ന് ബി.ജെ.പി നേതാവ് സംബിത് പത്ര പറഞ്ഞു.
സൽമാൻ ഖുർഷിദ് പറഞ്ഞത് വിശദീകരിക്കാൻ കഴിയില്ലെന്നും എന്നാൽ ബംഗ്ലാദേശ് നൽകിയ ഏറ്റവും വലിയ സന്ദേശം ജനാധിപത്യത്തിന്റെയും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന്റെയും പ്രാധാന്യത്തെക്കുറിച്ചാണെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു.