d

ന്യൂഡൽഹി: റിട്ട. ജില്ലാ ജഡ്‌ജിമാർക്ക് ലഭിക്കുന്നത് തുച്ഛമായ മാസപെൻഷൻ മാത്രമാണെന്നും എന്തുചെയ്യാൻ കഴിയുമെന്ന കാര്യം കേന്ദ്രസർക്കാർ പരിശോധിക്കണമെന്നും സുപ്രീംകോടതി. രണ്ടാം ദേശീയ ജുഡിഷ്യൽ പേ കമ്മിഷൻ ശുപാർശ ചെയ്ത വേതന വർദ്ധനവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ജഡ്‌ജസ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച്. ചില റിട്ട. ജില്ലാ ജഡ്‌ജിമാർക്ക് 8000ന് അടുത്ത് മാത്രമാണ് പെൻഷൻ ലഭിക്കുന്നത്. ജില്ലാ ജുഡിഷ്യറിയിൽ ജീവിതത്തിന്റെ നല്ലഭാഗം പ്രവർത്തിച്ച ശേഷം 55-60 വയസാകുമ്പോൾ ചിലർക്ക് ഹൈക്കോടതി ജഡ്‌ജിമാരായി സ്ഥാനക്കയറ്റം ലഭിക്കും. എന്നാൽ, അവരുടെ പെൻഷൻ നിശ്ചയിക്കുമ്പോൾ ജില്ലാജഡ്‌ജിയായി പ്രവർത്തിച്ച കാലയളവ് കണക്കുകൂട്ടുന്നില്ല. ക്യാൻസർ രോഗബാധിതയായ റിട്ട. വനിതാ ജഡ്‌ജിക്ക് തുച്ഛമായ പെൻഷനാണ് ലഭിച്ചത്. ഈ ആശങ്കകൾ പരിശോധിക്കപ്പെടേണ്ടതാണെന്ന് ചീഫ് ജസ്റ്രിസ് കേന്ദ്രത്തോട് പറഞ്ഞു.

സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന വിഷയമാണെന്ന് കോടതിക്കറിയാം. എന്നാലും ജില്ലാ ജുഡിഷ്യറിയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഇടപെടണം. ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം സ്വീകരിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത,​ കേന്ദ്രം പരിശോധിക്കുമെന്ന് ഉറപ്പുനൽകി. 27ന് വിഷയം വീണ്ടും പരിഗണിക്കും.