e

ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ഒളിമ്പിക് അയോഗ്യതയുമായി ബന്ധപ്പെട്ട് ചർച്ച വേണമെന്ന ആവശ്യം നിരാകരിച്ചതിൽ പ്രതിഷേധിച്ച് 'ഇന്ത്യ' കക്ഷികൾ രാജ്യസഭയിൽ വാക്കൗട്ട് നടത്തി. വിഷയത്തിൽ അദ്ധ്യക്ഷൻ ജഗ്‌ധീപ് ധൻകറും പ്രതിപക്ഷാംഗങ്ങളും തമ്മിൽ വാക്കേറ്റവുമുണ്ടായി. അംഗങ്ങളുടെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് ധൻകറും ഇറങ്ങിപ്പോയി.

ഇന്നലെ രാവിലെ സഭ സമ്മേളിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ വിനേഷ് ഫോഗട്ടിന്റെ അയോഗ്യത ഉയർത്തി 'ആരാണ് ഇതിന് പിന്നിൽ' എന്ന് വ്യക്തമാകണമെന്ന് ആവശ്യപ്പെട്ടു. ചർച്ച ആവശ്യപ്പെട്ടെങ്കിലും ധൻകർ വഴങ്ങിയില്ല. തൊട്ടുപിന്നാലെ, തൃണമൂൽ എം.പി ഡെറിക് ഒബ്രിയാൻ അദ്ധ്യക്ഷന്റെ നടപടിയെ ചോദ്യം ചെയ്‌ത് ഉറക്കെ സംസാരിച്ചു. ചെയറിന് നേരെ ആക്രോശിക്കുന്നത് തെറ്റാണെന്നും ഡെറിക്കിന്റെ സഭയിലെ പെരുമാറ്റം ഏറ്റവും മോശമാണെന്നും ധൻകർ ചൂണ്ടിക്കാട്ടി. ഡെറിക്കിന്റെ നടപടിയെ അപലപിക്കുന്നുവെന്നും അടുത്ത തവണ പുറത്താക്കുമെന്നും ധൻകർ കൂട്ടിച്ചേർത്തു. തന്നെ നോക്കി ചിരിച്ച കോൺഗ്രസ് അംഗം ജയറാം രമേശും ചെയറിനെ അപമാനിച്ചെന്ന് ധൻകർ പറഞ്ഞു. ഇത് ജയറാമിന്റെ ശീലമാണെന്നും തന്നെയല്ല മഹത്തായ പദവിയെയാണ് അപമാനിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കസേരയിൽ ഇരിക്കുന്നയാൾ യോഗ്യനല്ലെന്ന് കരുതുന്നുണ്ടോ.

ഇതോടെ പ്രതിപക്ഷത്തു നിന്ന് ബഹളം രൂക്ഷമാകുയും പിന്നാലെ അവർ വാക്കൗട്ട് നടത്തുകയും ചെയ‌്‌തു.

വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ തങ്ങൾ മാത്രമാണ് വിലപിക്കുന്നതെന്നാണ് പ്രതിപക്ഷം കരുതുന്നതെന്നും രാജ്യത്തെ വേദനിപ്പിച്ച സംഭവത്തെ രാഷ്‌ട്രീയവത്‌ക്കരിക്കുന്നത് താരത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനാദരവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇങ്ങനെയുള്ള ഒരു സഭയിൽ ഇരിക്കാൻ തോന്നുന്നില്ലെന്ന് പറഞ്ഞ് ധൻകർ ചേംബറിലേക്ക് മടങ്ങി. തുടർന്ന് ഉപാദ്ധ്യക്ഷൻ ഹരിവംശ് ആണ് സഭ നിയന്ത്രിച്ചത്. അൽപന നേരം കഴിഞ്ഞ് തിരിച്ചെത്തിയ ധൻകർ കടുത്ത തീരുമാനങ്ങൾ എടുക്കാത്തത് ദൗർബല്യമായി ചിലർ കാണുന്നുവെന്ന് പ്രതിപക്ഷാംഗങ്ങളുടെ പെരുമാറ്റത്തെ വിമർശിച്ചുകൊണ്ട് പറഞ്ഞു.