ന്യൂഡൽഹി: വ്യോമയാന മേഖലയിൽ കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത് നയങ്ങൾ നടപ്പാക്കാൻ ലക്ഷ്യമിട്ട് 90 വർഷം പഴക്കമുള്ള എയർക്രാഫ്‌റ്റ് നിയമം ഭേദഗതി ചെയ്‌തുള്ള പുതിയ ഭാരതീയ വായുയാൻ വിധേയക് ബില്ലിൽ മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങളില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. വിമാനത്താവളങ്ങളിലെ യൂസർ ഫീ ഒഴിവാക്കണമെന്ന് ബില്ലിന്റെ ചർച്ചയിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.
ബില്ലിന്റെ മറവിൽ സർക്കാർ രാജ്യത്തെ വ്യോമഗതാഗതരഗം കോർപറേറ്റുകൾക്ക് തീറെഴുതുകയാണെന്ന് അടൂർ പ്രകാശ് എം.പി ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനം, കാർബൺ വികരണം തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങൾ പരിഗണിച്ചില്ല. വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ ജോലിഭാരം സംബന്ധിച്ച സ്റ്റാൻന്റിംഗ് കമ്മിറ്റി റിപ്പോർട്ടും പരിഗണിക്കപ്പെട്ടിട്ടില്ല.
വിമാന യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുന്നതായിരിക്കണം വ്യോമയാന നയമെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. അന്താരാഷ്‌ട്ര തലത്തിലുള്ള സുരക്ഷാ സംവിധാനവും പരിശീലനവും ഉറപ്പ് വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. ഓൺലൈൻ ബുക്കിംഗിന് 300 മുതൽ 350 രൂപ വരെ കൺവീനിയൻസ് ചാർജ്ജും വിമാനത്താവളങ്ങളിൽ നിന്ന് യൂസർ ഫീ ഇടാക്കുന്നതും കനത്ത അനീതിയാണ്. സുരക്ഷയുടെ പേരിൽ പോലും യാത്രക്കാർ ചൂഷണത്തിന് വിധേയമാകുതത് തടയാൻ നടപടി സ്വീകരിക്കണം.