parliament

ന്യൂഡൽഹി: വഖഫ് സ്വത്തുക്കളുടെ കൈയേറ്റം ഒഴിപ്പിക്കാൻ 2014ൽ യു.പി.എ സർക്കാർ കൊണ്ടുവന്ന ബിൽ രാജ്യസഭയിൽ പിൻവലിച്ചു. ഇതിന് പാർലമെന്ററി മന്ത്രി കിരൺ റിജിജു അവതരിപ്പിച്ച പ്രമേയം സി.പി.എം, മുസ്ളീം ലീഗ് അംഗങ്ങളുടെ എതിർപ്പിനിടെ ശബ്‌ദവോട്ടോടെയാണ് പാസാക്കിയത്.

വഖഫ് സ്വത്തുക്കളിൽ നിന്ന് അനധികൃത താമസക്കാരെ ഒഴിപ്പിക്കാനുള്ള ബിൽ 2014 ഫെബ്രുവരി 18ന് യു.പി.എ സർക്കാരിൽ ന്യൂനപക്ഷ മന്ത്രിയായിരുന്ന കെ. റഹ്‌മാൻ ഖാനാണ് അവതരിപ്പിച്ചത്. 2014 മാർച്ച് 5-ന് ബിൽ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടിരുന്നു.

കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വഖഫ് സ്വത്തുക്കൾ തിരിച്ചെടുക്കാനുള്ള കർശന വ്യവസ്ഥകളായിരുന്നു ബില്ലിൽ. രാജ്യസഭയിലെ ബിൽ 10 കൊല്ലം പാസാക്കാതെയിട്ട്, പ്രതിലോമ വ്യവസ്ഥകളുള്ള പുതിയ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത് കേന്ദ്രത്തിന്റെ ഇരട്ടത്താപ്പാണെന്ന് സി.പി.എം അംഗം ജോൺ ബ്രിട്ടാസ് പറഞ്ഞു.

മുസ്ലിങ്ങളുടെ മത കാര്യങ്ങളിലെ ആവർത്തിച്ചുള്ള ഇടപെടലുകളുടെ തുടർച്ചയാണ് ബില്ലെന്ന് ലീഗ് അംഗം അബ്‌ദുൾ വഹാബ് ചൂണ്ടിക്കാട്ടി.