പ്രതിപക്ഷവുമായിവാക്‌പോര്
ജയബച്ചനെ അദ്ധ്യക്ഷൻ അപമാനിച്ചെന്ന്
ന്യൂഡൽഹി: രാജ്യസഭയിൽ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകറും പ്രതിപക്ഷവും തമ്മിലുള്ള ഏുമുട്ടൽ ഇന്നലെ രൂക്ഷമായി. സമാജ്‌വാദി അംഗവും മുൻ ബോളിവുഡ് താരവുമായ ജയാബച്ചനെ അദ്ധ്യക്ഷൻ അപമാനിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. ഭരണപക്ഷത്തെ അനുകൂലിക്കുന്ന അദ്ധ്യക്ഷനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം.
പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരായ ബി.ജെ.പി എംപി ഘനശ്യാം തിവാരി ആഗസ്റ്റ് ഒന്നിന് നടത്തിയ പരാമർശമാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. തിവാരിയുടെ പരാമർശത്തിൽ വിഷമമുണ്ടെന്ന് ഖാർഗെ പറഞ്ഞു. തിവാരി മാപ്പുപറയണമെന്നും പരാമർശം രേഖയിൽ നീക്കണമെന്നുമുള്ള കോൺഗ്രസ് ആവശ്യം ധൻകർ തള്ളി. തിവാരിയുടേത് ആരോപണമല്ല, പ്രശംസയാണെന്നും ഇരുവരും ചർച്ച ചെയ്‌ത് പ്രശ്‌നം പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇതേചൊല്ലി ഖാർഗെ, ജയറാം രമേശ്, പ്രമോദ് തിവാരി, അജയ് മാക്കൻ എന്നിവർ ധൻകറുമായി തർക്കിച്ചു.
ഇതിനിടെയാണ് സമാജ്‌വാദി അംഗം ജയാബച്ചൻ അദ്ധ്യക്ഷന്റെ 'സ്വരം' ശരിയല്ലെന്ന് പറഞ്ഞത്. താൻ നടിയാണെന്നും ആളുകളുടെ ശരീരഭാഷയും ഭാവങ്ങളും മനസിലാകുമെന്നും പറഞ്ഞു. ധൻകറും താനും സമാനരാണെന്നും ചെയറിൽ ഇരിക്കുന്നുവെന്ന വ്യത്യാസം മാത്രമാണെന്നും പറഞ്ഞു.
പ്രകോപിതനായ ധൻകർ, അഭിനേതാവ് സംവിധായകന് വിധേയനാണെന്ന് തിരിച്ചടിച്ചു. സെലിബ്രിറ്റിയാണെങ്കിലും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം.
എംപിയുടെ ആരോപണം തള്ളുകയാണെന്നും ധൻകർ പറഞ്ഞു.
ജയാബച്ചനെ ധൻകർ അപമാനിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ഇറങ്ങിപ്പോയി. അദ്ധ്യക്ഷൻ പ്രതിപക്ഷ എംപിമാരെ ആവർത്തിച്ച് അപമാനിക്കുകയും സംസാരിക്കാൻ അവസരം നിഷേധിക്കുകയും ചെയ്യുന്നുവെന്ന് ജയറാം രമേശ് ആരോപിച്ചു. അദ്ധ്യക്ഷന്റേത് പാർലമെന്റിന് നിരക്കാത്ത വാക്കുകളാണ്. വനിതാ അംഗങ്ങളോട് അനാദരവ് കാട്ടുന്നു.
ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വാർഷികമാണെന്ന് (ഓഗസ്റ്റ് 9) വാക്കൗട്ടിനെ കളിയാക്കി അദ്ധ്യക്ഷൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പെരുമാറ്റം അനുചിതമാണെന്ന് സഭാ നേതാവ് ജെ.പി. നദ്ദ പറഞ്ഞു. നിലവാരം കുറഞ്ഞ രാഷ്‌ട്രീയമാണിത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ അടക്കം എൻ.ഡി.എ എംപിമാരും പ്രതിപക്ഷത്തെ വിമർശിച്ചു.