കൽപ്പറ്റ: രാജ്യം നടുങ്ങിയ ദുരന്ത ഭൂമിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും. പ്രത്യേക വിമാനത്തിൽ രാവിലെ 11മണിയോടെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങും. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഹെലികോപ്‌ടറിൽ ചൂരൽമലയിലെയും മുണ്ടക്കൈയിലേയും ദുരന്ത ഭൂമിയിൽ ആകാശ നിരീക്ഷണം നടത്തും. കൽപ്പറ്റ എസ് .കെ എം.ജെ സ്‌കൂൾ ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ ഇറങ്ങും. റോഡ് മാർഗം ഉച്ചയ്‌ക്ക് 12.15ഓടെ ചൂരൽമലയിൽ എത്തും. ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിക്കും. രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് സൈനികരോട് ചോദിച്ചറിയും. സൈനികർ നിർമ്മിച്ച ബെയ് ലി പാലവും സന്ദർശിക്കും.
ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചശേഷം മേപ്പാടിയിലെ ആസ്റ്റർ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ദുരന്തബാധിതരെ കാണും. കൽപ്പറ്റ കളക്ടറേറ്റിൽ ഉന്നതതല യോഗത്തിൽ പങ്കെടുക്കും. ജില്ലയിൽ സന്ദർശനം നടത്തുന്ന കേന്ദ്ര സംഘം പ്രാഥമിക റിപ്പോർട്ട് പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട് . 2000കോടി രൂപയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത് . ദേശീയ ദുരന്തത്തിന് സമാനമായ എൽ 3 വിഭാഗത്തിൽ ഉൾപ്പെടുത്തി പരമാവധി കേന്ദ്ര സഹായം ഉറപ്പാക്കണം എന്നാണ് കേരളം ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കൈമാറും.
ഇതിനേക്കാൾ കൂടുതൽ ഭൂപ്രദേശം തകർന്ന ദുരന്തങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്രയും കൂടുതൽ പേർക്ക് ജീവഹാനിയുണ്ടായ ദുരന്തങ്ങൾ കുറവാണ്.
400ലേറെ പേർ മരിക്കുകയും ആയിരത്തോളം പേർ ദുരന്തബാധിതരാവുകയും ചെയ്ത ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ഇനിയും നാട് മുക്തമായിട്ടില്ല. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ദുരന്തബാധിതരും പ്രതീക്ഷയിലാണ്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് വയനാട്ടിൽ കനത്ത സുരക്ഷയാണ്. വാഹന വ്യൂഹം കടന്നുപോകുന്ന മേപ്പാടി, കൽപ്പറ്റ ടൗണുകളിൽ പൂർണമായും ഗതാഗതം നിയന്ത്രിക്കും. രാവിലെ 10 മണി മുതൽ പ്രധാനമന്ത്രി തിരിച്ചുപോകുംവരെയാണ് നിയന്ത്രണം.