ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് സമ്മേളനത്തിന് കൊടിയിറങ്ങി. ജൂലായ് 22 ആരംഭിച്ച സമ്മേളനം ആഗസ്റ്റ് 11 തിങ്കളാഴ്ച വരെ നിശ്ചയിച്ചിരുന്നെങ്കിലും ഒരു ദിവസം മുൻപേ പിരിയുകയായിരുന്നു. കേന്ദ്രബഡ്‌ജറ്റും ജമ്മു കാശ്മീർ ബഡ്‌ജറ്റും പാസാക്കി. വിവാദ വഖഫ് ബിൽ പ്രതിപക്ഷ എതിർപ്പിനിടെ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര-പ്രതിപക്ഷ വാക്‌പോരിനും ഇരുസഭകളും സാക്ഷിയായി.
കേന്ദ്രബഡ്‌ജറ്റിന്റെ ചർച്ചയാണ് കൂടുതലും നടന്നത്. ധനവിനിയോഗ ബില്ലും ധനകാര്യ ബില്ലും ഇരുസഭകളും പാസാക്കി.
വ്യോമയാന മേഖലയിൽ സ്വയംപര്യാപ്‌ത ലക്ഷ്യമിടുന്ന ഭാരതീയ വായുയാൻ വിധേയക് ബില്ലും ലോക്‌സഭ പാസാക്കി. ഒളിമ്പിക്സ് തയ്യാറെടുപ്പ്,
കോച്ചിംഗ് സെന്റർ ദുരന്തം, വയനാട് ദുരന്തം അടക്കം ചർച്ച ചെയ്‌തു.
ബാങ്കിംഗ് നിയമ ഭേദഗതി, കടൽ വഴിയുള്ള ചരക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട ബിൽ, ലേഡിംഗ് ബിൽ, റെയിൽവേ ഭേദഗതി തുടങ്ങിയവ ലോക്‌സഭയിലും എണ്ണപ്പാടങ്ങളുടെ നിയന്ത്രണവും വികസനവും ബിൽ,
ബോയിലേഴ്സ് ബിൽ എന്നിവ രാജ്യസഭയിലും അവതരിപ്പിച്ചു.