ന്യൂഡൽഹി: റഷ്യൻ ആർമിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 66 ഇന്ത്യക്കാർ തിരിച്ചെത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ലോക്‌സഭയിൽ അടൂർ പ്രകാശ് എം.പിയെ അറിയിച്ചു. റഷ്യൻ ആർമിയുമായുള്ള കരാർ കാരണമാണ് വൈകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ മോചനം ഉറപ്പു നൽകിയതാണ്. ഇവരെ തിരികെ എത്തിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. റഷ്യൻ ആർമിയിൽ ചേർന്ന എട്ടുപേർ കൊല്ലപ്പെട്ടെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ 5 യുവാക്കൾ അടക്കം 14 പേർ തിരികെ എത്തി. ഇതുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിൽ 19 കേസുകളിലായി നാലുപേർ അറസ്റ്റിലായി. പശ്ചിമേഷ്യയിലേക്ക് സൈബർ കുറ്റകൃത്യങ്ങൾക്ക് വേണ്ടി റിക്രൂട്ട് ചെയ്യപ്പെട്ടതിൽ കമ്പോഡിയയിൽ നിന്ന് 650 പേരെയും മ്യാൻമറിൽ നിന്ന് 415 പേരെയും ലാവോസിൽ നിന്ന് 548 പേരെയും തിരികെ എത്തിച്ചു.