ന്യൂഡൽഹി : ഇന്ത്യയുമായി ബന്ധപ്പെട്ട് വലുത് ഉടൻ വരുമെന്ന ഹിൻഡൻബർഗ് റിസർച്ചിന്റെ എക്സിലെ പോസ്റ്റ് ആകാംക്ഷ കൂട്ടുന്നു. ഇന്നലെ പുലർച്ചെ 05.34നാണ് പോസ്റ്റ് വന്നത്. 60 ലക്ഷത്തിലധികം പേർ ഇത് കണ്ടു. 2023 ജനുവരിയിൽ അദാനി ഗ്രൂപ്പിനെയാണ് ഹിൻഡൻബർഗ് ലക്ഷ്യമിട്ടതെങ്കിൽ ഇത്തവണ എന്താണെന്ന ചോദ്യമാണ് ഉയരുന്നത്. ഇന്ത്യൻ കമ്പനികളെയോ വ്യക്തികളെ സംബന്ധിച്ചാണോ എന്ന് വ്യക്തമായിട്ടില്ല.ഒട്ടേറെ അഭ്യൂഹങ്ങൾ ഉയ‌‌ർന്നു. ഇന്ത്യയെയും ഇന്ത്യൻ കമ്പനികളെയും ഹിൻഡൻബർഗ് നിരന്തരം ലക്ഷ്യമിടുന്നുവെന്ന വിമർശനവും സജീവമാണ്.

അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ ക്രമക്കേട് നടത്തിയെന്നും മറ്റുമാണ് 2023ൽ ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപിച്ചത്. ഇത് സുപ്രീംകോടതി നിർദ്ദേശപ്രകാരം സെബി അന്വേഷിക്കുകയാണ്.

 യു.എസ് കമ്പനി

അമേരിക്കയിലെ നിക്ഷേപക ഗവേഷണ കമ്പനിയാണ് ഹിൻഡൻബർഗ് റിസർച്ച്. ധനകാര്യ വിദഗ്ദ്ധനായ നഥാൻ ആൻഡേഴ്സൺ ആണ് സ്ഥാപകൻ. കോർപറേറ്റ് തട്ടിപ്പുകളും, അധികൃതരുടെ വീഴ്ചകളും തുറന്നുകാട്ടുന്ന റിപ്പോർട്ടുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ് രീതി. അദാനി ഗ്രൂപ്പ്, അമേരിക്കയിലെ ഭീമൻ വാഹന നിർമ്മാതാക്കളായ നികോല കോർപ്പറേഷൻ, അമേരിക്കയിലെ ഓൺലൈൻ വാതുവയ്‌പ് സ്ഥാപനമായ ഡ്രാഫ്റ്റ് കിംഗ്സ് തുടങ്ങിയവയ്‌ക്കെതിരെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.