t-v-somanathan

ന്യൂഡൽഹി: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും, ധനകാര്യ സെക്രട്ടറിയുമായിരുന്ന ടി.വി. സോമനാഥനെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു. കേന്ദ്ര ക്യാബിനറ്റ് അപ്പോയിന്റ്മെന്റ്സ് കമ്മിറ്രിയുടേതാണ് തീരുമാനം. രാജ്യത്തെ സിവിൽ സർവീസിലെ ഒന്നാം നമ്പർ പദവിയിൽ ആഗസ്റ്റ് 30 മുതൽ രണ്ടു വർഷത്തേക്കാണ് നിയമനം. ക്യാബിനറ്റ് സെക്രട്ടേറിയറ്റിൽ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആയും പ്രവർത്തിക്കും. നിലവിലെ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണിത്.

ക്യാബിനറ്റിനും പ്രധാനമന്ത്രിക്കും ഉപദേശനിർദ്ദേശങ്ങൾ ഉൾപ്പെടെ നൽകുന്നത് ക്യാബിനറ്റ് സെക്രട്ടറിയുടെ ഉത്തരവാദിത്വമാണ്. 2021ലാണ് സോമനാഥൻ ധനകാര്യ സെക്രട്ടറിയായത്. കേന്ദ്ര ബഡ്‌ജറ്റ് തയ്യാറാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. തമിഴ്നാട് സ്വദേശിയാണ്. 1987 ബാച്ച് തമിഴ്നാട് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ തുഹിൻ കാന്ത പാണ്ഡെ പുതിയ ധനകാര്യ സെക്രട്ടറിയായേക്കും.