ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ കെ. നട്‌വർ സിംഗ് ( 95) അന്തരിച്ചു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്‌ച രാത്രി 11.30നായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങൾക്ക് ഏറെ നാളായി ചികിത്സയിലായിരുന്നു. ഡൽഹിയിലെ വസതിയിൽ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരം ഇന്ന് ലോധി റോഡ് ശ്‌മശാനത്തിൽ സംസ്‌കരിക്കും. 1984ൽ രാജ്യം പത്‌മവിഭൂഷൺ നൽകി ആദരിച്ചു. ഭാര്യ ഹേമീന്ദർ കുമാരി സിംഗ്, മകൻ ജഗ്‌താർ സിംഗ്.
പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
രാജസ്ഥാൻ സ്വദേശിയായ നട്‌വർ സിംഗ് മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ്. പിന്നീട് രാഷ്‌ട്രീയത്തിലെത്തി 1984 ൽ ഭരത്പൂരിൽ (രാജസ്ഥാൻ) നിന്ന് ലോക്‌സഭാംഗമായി. 2004ൽ മൻമോഹൻ സിംഗിന്റെ ആദ്യ യു.പി.എ സർക്കാരിൽ വിദേശമന്ത്രിയായി.
1985-86, 1986-89 കാലത്ത് രാജീവ് ഗാന്ധി സർക്കാരിൽ സ്റ്റീൽ, മൈൻസ്, കൽക്കരി, കൃഷി, വിദേശ സഹമന്ത്രിയുമായിരുന്നു. ഗാന്ധി കുടുംബവുമായി അടുപ്പമായിരുന്നു. 1991ൽ പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ കോൺഗ്രസ് വിട്ട് ഒാൾ ഇന്ത്യാ ഇന്ദിരാ കോൺഗ്രസിൽ ചേർന്നു. 2002ൽ കോൺഗ്രസിൽ മടങ്ങിയെത്തി രാജ്യസഭാംഗമായ ശേഷമാണ് മൻമോഹൻ സിംഗ് സർക്കാരിൽ മന്ത്രിയായത്. 2006ൽ ഭക്ഷ്യ എണ്ണ കുംഭകോണ വിവാദത്തിൽ രാജിവച്ചു. കുംഭകോണത്തിൽ പങ്കുണ്ടെന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. 2008ൽ കോൺഗ്രസിൽ നിന്ന് രാജിവച്ചു.
2014-ൽ പ്രസിദ്ധീകരിച്ച 'വൺ ലൈഫ് ഈസ് നോട്ട് ഇനഫ്' എന്ന ആത്മകഥയിൽ സോണിയയെയും, മൻമോഹൻ സിംഗിനും വിമർശിച്ചിരുന്നു. 1953-ൽ 22-ാം വയസിൽ ഐ.എഫ്.എസിൽ ചേർന്നു. യു.കെ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ, സാംബിയ ഹൈക്കമ്മീഷണർ, പാകിസ്ഥാൻ അംബാസഡർ പദവികളും വഹിച്ചു.