ന്യൂഡൽഹി: ചെറുധാന്യങ്ങളുടെ പ്രാധാന്യം വർദ്ധിച്ചതോടെ ജനങ്ങൾ പോഷകസമൃദ്ധമായ ഭക്ഷണ ശീലത്തിലേക്ക് നീങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച അത്യുത്പാദന ശേഷിയുള്ളതും കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുന്നതും ജൈവസമ്പുഷ്ടീകൃതവുമായ 61 വിളകളുടെ 109 ഇനങ്ങൾ പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിദത്ത കൃഷിയുടെ നേട്ടങ്ങളെക്കുറിച്ച് സാധാരണക്കാർക്ക് കൂടുതലറിയാം.ജനം
ജൈവഭക്ഷണം ആവശ്യപ്പെടാൻ തുടങ്ങി. പുതിയ വിളകൾ വികസിപ്പിച്ച ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഓരോ മാസവും വികസിപ്പിക്കുന്ന പുതിയ ഇനങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെ.വി.കെ) കർഷകരെ മുൻകൂട്ടി അറിയിക്കണമെന്നും അവബോധം വർദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐ.എ.ആർ.ഐ) വികസിപ്പിച്ച വിളകളാണ് പുറത്തിറക്കിയത്. 34 വയൽ വിളകളും 27 പഴം പച്ചക്കറി വിളകളും ഉൾപ്പെടുന്നു. ചടങ്ങിൽ കർഷകരുമായും ശാസ്ത്രജ്ഞരുമായും പ്രധാനമന്ത്രി സംവദിച്ചു. ഫലപ്രദമായി ഉപയോഗിക്കാത്ത വിളകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശമാണ് തങ്ങൾക്ക് പ്രചോദനം നൽകിയതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.ചെലവ് കുറയ്ക്കാനും പരിസ്ഥിതിയിൽ ഗുണപരമായ സ്വാധീനം ചെലുത്താനും പുതിയ ഇനങ്ങൾ പ്രയോജനപ്പെടുമെന്ന് കർഷകർ പറഞ്ഞു. ഇന്നലെ പുറത്തിറക്കിയ വയൽ വിളകളിൽ, ചെറുധാന്യങ്ങൾ , കാലിത്തീറ്റ വിളകൾ, എണ്ണക്കുരുക്കൾ, പയർവർഗ്ഗങ്ങൾ, കരിമ്പ്, പരുത്തി തുടങ്ങിയവ ഉൾപ്പെടുന്നു. തോട്ടവിളകൾ, കിഴങ്ങുവിളകൾ, സുഗന്ധവ്യഞ്ജനങ്ങൾ, പൂക്കൾ, ഔഷധ വിളകൾ എന്നിവയുമുണ്ട്.