ന്യൂഡൽഹി: ജാതി വ്യവസ്ഥയാണ് ഇന്ത്യൻ സമൂഹത്തെ ഏകീകരിക്കുന്ന ഘടകമെന്ന് ആർ.എസ്.എസ് ആഭിമുഖ്യമുള്ള പാഞ്ചജന്യത്തിന്റെ പുതിയ ലക്കത്തിന്റെ എഡിറ്റോറിയൽ. ജാതി സർവെ നടത്തി പിന്നാക്കക്കാരുടെയും ദളിതരുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്ന കോൺഗ്രസ് വാദം തള്ളിയാണ് പാഞ്ചജന്യം ജാതി വ്യവസ്ഥയെ പിന്തുണയ്‌ക്കുന്നത്.
ഇന്ത്യയിലെ വിവിധ വിഭാഗങ്ങളെ തൊഴിലും പാരമ്പര്യവും അനുസരിച്ച് തരം തിരിച്ച് ഒന്നിച്ച് നിറുത്തുന്ന ഒരു ശൃംഖലയായിരുന്നു ജാതി വ്യവസ്ഥയെന്ന് എഡിറ്റർ ഹിതേഷ് ശങ്കർ പറയുന്നു. അതിനാൽ ഇന്ത്യയെ ആക്രമിച്ചവർ ജാതി വ്യവസ്ഥയെയും ഇല്ലാതാക്കാൻ ശ്രമിച്ചു. മിഷനറിമാർ സേവനത്തിന്റെയും പരിഷ്കരണത്തിന്റെ മറവിലും മുഗളന്മാർ വാളിന്റെ ശക്തിയാലും അതിനെ ലക്ഷ്യമിട്ടു. ഇന്ത്യയുടെ ഈ ഏകീകൃത സമവാക്യം മുഗളന്മാരേക്കാൾ നന്നായി മിഷനറിമാർ മനസ്സിലാക്കിയിരുന്നു. ഇന്ത്യയെയും അതിന്റെ ആത്മാഭിമാനത്തെയും തകർക്കാൻ ആദ്യം ജാതി വ്യവസ്ഥയുടെ ഏകീകൃത ഘടകത്തെ എതിർക്കണമെന്ന് അവർ കണ്ടെത്തി. ഇത് മനസിലാക്കിയാണ് ബ്രിട്ടീഷുകാർ വിഭജിച്ച് ഭരിക്കൽ നയത്തിന് രൂപം നൽകിയത്.
ജാതിയെ ഒറ്റുന്നത് രാജ്യത്തെ ഒറ്റുന്നതിന് തുല്ല്യമായാണ് ഒരു കാലത്ത് ഇന്ത്യക്കാർ കരുതിയത്. വ്യാവസായിക വിപ്ലവ കാലത്ത് ജാതി വ്യവസ്ഥയെ ഇന്ത്യയുടെ കാവൽക്കാരായാണ് കണ്ടത്. പാരമ്പര്യമായി കൈമാറിയ തൊഴിലുകളാണ് മാഞ്ചസ്റ്ററിലെ മില്ലുകളെക്കാൾ ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ഉണ്ടാക്കാൻ ഇന്ത്യക്കാരെ സഹായിച്ചത്. അതിനാൽ അധിനിവേശക്കാർ ഇന്ത്യയുടെ സ്വത്വം മാറ്റാൻ ശ്രമിച്ചു.അന്തസ്സും ധാർമ്മികതയും ഉത്തരവാദിത്തവും സാമുദായിക സാഹോദര്യവും ഉൾപ്പെടുന്ന ഹിന്ദു ജീവിതം ജാതിയെ ചുറ്റിപ്പറ്റിയാണ്. . ബ്രിട്ടീഷുകാരെപ്പോലെ ജാതി അടിസ്ഥാനത്തിൽ ലോക്‌സഭാ സീറ്റുകൾ വിഭജിച്ച് രാജ്യത്തെ വിഭജിക്കാനാണ് കോൺഗ്രസ് ജാതി സെൻസസ് ആവശ്യപ്പെടുന്നതെന്നും എഡിറ്റോറിയൽ ആരോപിക്കുന്നു.