ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ മനീഷ്സിസോദിയ ഇക്കൊല്ലം ഒടുവിൽ നടക്കുന്ന ഹരിയാന, അടുത്ത കൊല്ലം ആദ്യം നടക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആംആംദ്‌മി പാർട്ടിയെ നയിക്കും. പാർട്ടി കൺവീനർ അരവിന്ദ് കേജ്‌രിവാളിന്റെ ജയിൽ മോചനം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണിത്. ഡൽഹിയിൽ സിസോദിയ ഉടൻ പദയാത്ര നടത്തും.
ഇന്നലെ സിസോദിയയുടെ വസതിയിൽ ചേർന്ന ആംആദ്‌മി പാർട്ടി നേതാക്കളുടെ യോഗം തന്ത്രങ്ങൾ ചർച്ച ചെയ്‌തു. ഹരിയാനയിൽ 90 സീറ്റുകളിലും ഡൽഹിയിൽ 70 മണ്ഡലങ്ങളിലും ആംആദ്‌മി പാർട്ടി മത്സരിക്കുമെന്നാണ് സൂചന.
അരവിന്ദ് കേജ്‌രിവാളിന്റെ വിശ്വസ്‌തനായ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയായിക്കെയാണ് മദ്യനയക്കേസിൽ അറസ്റ്റിലായത്. ജയിലിലായതിനെ തുടർന്ന് പദവി രാജിവച്ചു. 17 മാസം ജയിലിലായിരുന്ന സിസോദിയ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജാമ്യം ലഭിച്ചതിനെ തുടർന്ന് തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കിഴക്കൻ ഡൽഹിയിലെ പട്പർഗഞ്ച് നിയോജക മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ ജയിച്ചു.