e

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിലെ അറസ്റ്ര് ചോദ്യം ചെയ്‌തും ജാമ്യം ആവശ്യപ്പെട്ടും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ നോട്ടീസ് അയക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. സി.ബി.ഐയ്‌ക്കാണ് നോട്ടീസ്. കേജ്‌രിവാളിന്റെ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ഇന്നലെ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. സാധാരണ ജാമ്യാവശ്യത്തിൽ വിശദമായി വാദം കേൾക്കും. 23ന് വിഷയം വീണ്ടും പരിഗണിക്കും.

ഇ.ഡി കേസിൽ സുപ്രീംകോടതി കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. കള്ളപ്പണം തടയൽ നിയമം പ്രയോഗിച്ച കേസിൽ പോലും ജാമ്യം ലഭിച്ചു. എന്നിട്ടും അഴിമതി ആരോപിച്ച സി.ബി.ഐ കേസിൽ കീഴ്ക്കോടതികൾ ജാമ്യം നിഷേധിച്ചെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ വാദിച്ചു. ജാമ്യാവശ്യം ഡൽഹി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കേജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. ഇ.ഡി കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയവേ കഴിഞ്ഞ ജൂൺ 26നാണ് സി.ബി.ഐ അറസ്റ്ര് രേഖപ്പെടുത്തിയത്.