
ന്യൂഡൽഹി:മൂന്നാം ടേമിലെ ആദ്യ സ്വാതന്ത്ര്യദിന ചടങ്ങിൽ ഇന്ന് ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് കാതോർത്ത് രാജ്യം.
78-ാം സ്വാതന്ത്ര്യ ദിനാഘോഷം 'വികസിത ഭാരതം 2047' പ്രമേയമാക്കിയാണ്.
ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തോടുള്ള മോദിയുടെ പ്രസംഗത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നു.
ആഘോഷത്തിന് യുവാക്കൾ, ഗോത്ര സമൂഹം, കർഷകർ, സ്ത്രീകൾ തുടങ്ങി 6,000 അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പരമ്പരാഗത വേഷത്തിൽ 2000-ത്തോളം പേരും പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത താരങ്ങളും ഉണ്ടാവും.
ചെങ്കോട്ടയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സഹമന്ത്രി സഞ്ജയ് സേത്ത്, പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിക്കും. ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് ലെഫ്റ്റനന്റ് ജനറൽ ഭവ്നിഷ് കുമാർ സല്യൂട്ടിംഗ് ബേസിലേക്ക് ആനയിക്കും. അവിടെ സംയുക്ത സേനയും ഡൽഹി പോലീസ് ഗാർഡും സല്യൂട്ട് നൽകും. തുടർന്ന് പ്രധാനമന്ത്രി മൂന്ന് സേനകളുടെയും ഡൽഹി പൊലീസിന്റെയും ഗാർഡ് ഓഫ് ഓണർ പരിശോധിക്കും. നേവി കമാൻഡർ അരുൺ കുമാർ മേത്ത ഗാർഡ് ഒാഫ് ഹോണറിന് നേതൃത്വം നൽകും.
തുടർന്ന് ചെങ്കോട്ടയുടെ കൊത്തളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സഹമന്ത്രി സഞ്ജയ് സേത്ത്, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി, വ്യോമ സേന മേധാവി എയർ ചീഫ് മാർഷൽ വി. ആർ ചൗധരി എന്നിവർ അഭിവാദ്യം ചെയ്യും. ലെഫ്റ്റനന്റ് ജനറൽ ഭവ്നിഷ് കുമാറിനൊപ്പം വേദിയിലെത്തുന്ന പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തും. മേജർ സബ്‌നിസ് കൗശിക്ക് നേതൃത്വം നൽകുന്ന 1721 ഫീൽഡ് ബാറ്ററിയുടെ (സെറിമോണിയൽ) ഗണ്ണർമാർ തദ്ദേശീയമായ 105 എംഎം ലൈറ്റ് ഫീൽഡ് തോക്കുകളിൽ നിന്ന് 21 ആചാര വെടികൾ മുഴക്കും. വ്യോമസേനയുടെ രണ്ട് ധ്രുവ് ഹെലികോപ്റ്ററുകൾ വേദിയിൽ പുഷ്പവർഷം നടത്തും. തുടർന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.
ഡൽഹിയിലെങ്ങും കനത്ത സുരക്ഷയാണ്. വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി.