rahuk

ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പ്രോട്ടോക്കോൾ പ്രകാരം ഒന്നാം നിരയിൽ ഇരിപ്പിടം നൽകാത്തത് വിവാദമാക്കി കോൺഗ്രസ്. രാഹുലിനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയ്‌ക്കും പാരീസ് ഒളിമ്പിക്‌സ് മെഡൽ ജേതാക്കൾക്ക് പിന്നിൽ അഞ്ചാം നിരയിലാണ് ഇരിപ്പിടം നൽകിത്. ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവ് ആചാരപരമായ പരിപാടികളിൽ മുൻ നിരയിൽ ഇരിക്കണമെന്ന പ്രോട്ടോക്കോൾ ലംഘിച്ചെന്നാണ് പരാതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനൊപ്പം കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിർമ്മല സീതാരാമൻ, ശിവരാജ് സിംഗ് ചൗഹാൻ, എസ്. ജയശങ്കർ എന്നിവർ ഒന്നാം നിരയിൽ ഇരുന്നു. രാഹുൽ ഒളിമ്പ്യൻമാരായ ഷൂട്ടർ മനു ഭാക്കർ, സരബ്ജോത് സിംഗ്, ഹർമൻപ്രീത് സിംഗ്, ഗോൾകീപ്പർ പി.ആർ ശ്രീജേഷ് തുടങ്ങിയവർക്കും പിന്നിൽ ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഒളിമ്പിക് മെഡൽ ജേതാക്കളെ ആദരിക്കാൻ തീരുമാനിച്ചതിനാലാണ് രാഹുലിന് അടക്കം ഇരിപ്പിടം പിന്നിലായതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചില കേന്ദ്ര മന്ത്രിമാരും പിന്നിലാണ് ഇരുന്നതെന്നും വ്യക്തമാക്കി. വിശദീകരണം ദുർബലമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. അമിത് ഷാ, നിർമല സീതാരാമൻ തുടങ്ങിയ ക്യാബിനറ്റ് മന്ത്രിമാർക്ക് എന്തുകൊണ്ട് മുൻനിരയിൽ ഇരിപ്പിടം നൽകിയെന്നും വേണുഗോപാൽ ചോദിച്ചു. ഒളിമ്പ്യൻമാർ എല്ലാ ബഹുമാനവും അർഹിക്കുന്നുണ്ടെങ്കിലും പ്രോട്ടോക്കോൾ അനുസരിച്ച്,പാർലമെന്റിന്റെ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കൾ മുൻ നിരയിൽ ഇരിക്കണം. രാഹുലിനെയും ഖാർഗെയെയും പിന്നിലിരുത്തിയത് പ്രതിപക്ഷ നേതാവ് പദവിക്കും അവർ പ്രതിനിധീകരിക്കുന്ന ജനങ്ങൾക്കും അപമാനമായെന്നും അദ്ദേഹം പറഞ്ഞു.

യു.പി.എ ഭരണകാലത്ത് പ്രതിപക്ഷ നേതാക്കളോട് ശരിയായ ബഹുമാനം കാണിച്ചെന്ന് പ്രതിപക്ഷ നേതാവായിരുന്ന അടൽ ബിഹാരി വാജ്‌പേയിക്ക് മുൻനിരയിൽ ഇരിപ്പിടം നൽകിയതിന്റെ ഫോട്ടോ കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ എക്‌സിൽ പങ്കിട്ടു. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അന്നത്തെ പ്രതിപക്ഷ നേതാവ് സോണിയ ഗാന്ധിക്ക് മുന്നിൽ ഇരിപ്പിടം അനുവദിച്ചിരുന്നു.