ന്യൂഡൽഹി : 2022ലെ, എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മലയാള സിനിമ നിറഞ്ഞാടി. ആനന്ദ് ഏകർഷി സംവിധാനം ചെയ്‌ത ആട്ടം മികച്ച ചിത്രമായി. മികച്ച നടനായി ഋഷഭ് ഷെട്ടി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തമിഴിലെ തിരുചിത്രമ്പലത്തിലെ അഭിനയത്തിന് മലയാളിയായ നിത്യ മേനോനും, കച്ച് എക്‌സ്‌പ്രസിലെ (ഗുജറാത്തി) പ്രകടനത്തിന് മാനസി പരേഖും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു . ഊൻചായി എന്ന ഹിന്ദി ചിത്രത്തിന്റെ സംവിധായകൻ സൂരജ് ആർ. ബർജാത്യ ആണ് മികച്ച സംവിധായകൻ. മികച്ച തിരക്കഥയ്ക്കും (ആനന്ദ് ഏകർഷി), എഡിറ്റിംഗിനും (എഡിറ്റർ-മഹേഷ് ഭുവനേന്ദ്) അവാർഡ് ലഭിച്ചതോടെ ആകെ മൂന്ന് പുരസ്‌കാരങ്ങളാണ് ആട്ടത്തിന് ലഭിച്ചത്. ആട്ടത്തിനൊപ്പം ഹിന്ദിചിത്രം ഗുൽമോഹറും തിരക്കഥയ്ക്കുള്ള പുരസ്‌കാരം പങ്കിട്ടു. തരുൺ മൂർത്തി സംവിധാനം നിർവഹിച്ച സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രം. ഈസിനിമയിലെ 'ചായും വെയിൽ" ഗാനം പാടിയ ബോംബെ ജയശ്രീയാണ് മികച്ച ഗായിക. മാളികപ്പുറത്തിലെ അഭിനയത്തിലൂടെ ശ്രീപദ് മികച്ച ബാലതാരമായി. കാഥികൻ സിനിമയുടെ സംഗീത സംവിധായകൻ സൻജോയ് സലീൽ ചൗധരിക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. സലീൽ ചൗധരിയുടെ മകനാണ്. ജോഷി ബെനഡിക്‌ട് സംവിധാനം ചെയ്‌ത എ കോക്കനട്ട് ട്രീക്കാണ് നോൺഫീച്ചർ വിഭാഗത്തിലെ മികച്ച അനിമേഷൻ ചിത്രമെന്ന ബഹുമതി. ഈവിഭാഗത്തിലെ മികച്ച സംവിധാനം - മിറിയം ചാണ്ടി മേനാച്ചേരി - ഫ്രം ദ ഷാഡോസ് (ബംഗാളി). ഇരുവരും മലയാളികളാണ്.
കന്നഡ ചിത്രമായ കാന്താരയിലെ ഉജ്ജ്വല അഭിനയമാണ് നടൻ ഋഷഭ് ഷെട്ടിക്ക് അവാർഡ് നേടിക്കൊടുത്തത്. നീന ഗുപ്‌തയാണ് മികച്ചസഹനടി (ചിതം- ഊൻചായി )ഗുൽമോഹർ സിനിമയിലെ അഭിനയത്തിന് മനോജ് ബാജ്പേയിക്ക് പ്രത്യേക പരാമർശം ലഭിച്ചു.
ബ്രഹ്മാസ്ത്ര - പാർട്ട് 1 ശിവ ഹിന്ദി സിനിമയിലെ സംഗീതം നിർവഹിച്ച പ്രീതം എ.ആർ.റഹ്മാനൊപ്പം (പൊന്നിയിൽ ശെൽവൻ) മികച്ച സംഗീത സംവിധായകനുള്ള അവാർഡ് പങ്കിട്ടു. ബ്രഹ്മാസ്ത്ര - പാർട്ട് 1 ശിവയിൽ 'കേസരിയ' എന്ന ഗാനം ആലപിച്ച അരിജിത് സിംഗ് മികച്ച ഗായകനായി.
'ആട്ടം' സിനിമ റീജണൽ ജൂറി (സൗത്ത് പാനൽ) തള്ളിക്കളഞ്ഞതായിരുന്നു. എന്നാൽ, സിനിമ നേരത്തെ കണ്ടിരുന്ന കേന്ദ്രപാനലിലെ ജൂറി അംഗങ്ങൾ ആട്ടം വിളിച്ചുവരുത്തണമെന്ന് നിലപാടെടത്തു. 11 അംഗ പാനലിൽ ആറു പേരുടെ പിന്തുണ നേടിയതോടെ സിനിമ വിളിച്ചുവരുത്തി കേന്ദ്ര പാനൽ കണ്ടു. സമകാലിക വിഷയങ്ങൾ വ്യത്യസ്‌തമായ രീതിയിൽ പകർന്നാടിയ ആട്ടത്തെ ജൂറിയിലെ 11ൽ 11 പേരും ഒറ്റക്കെട്ടായാണ് രാജ്യത്തെ മികച്ച സിനിമയായി തിരഞ്ഞെടുത്തത്.