ന്യൂഡൽഹി: അടുത്ത വർഷം ആദ്യം നടക്കേണ്ട ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആം ആദ്‌മി പാർട്ടി നേതാവ് മനീഷ് സിസോദിയ പദയാത്ര തുടങ്ങി. ഇന്നലെ പാർട്ടി കൺവീനറും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന്റെ ജൻമദിനത്തിൽ ദക്ഷിണ ഡൽഹിയിലെ കൽക്കാജിയിൽ നിന്നാണ് പദയാത്രയ്‌ക്ക് തുടക്കമിട്ടത്. സ്വാതന്ത്ര്യദിനത്തിൽ തീരുമാനിച്ചിരുന്ന പദയാത്ര സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ഒരു ദിവസത്തേക്ക് നീട്ടുകയായിരുന്നു.
മദ്യനയക്കേസിലെ അറസ്റ്റിനെ തുടർന്ന് 17മാസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് സിസോദിയ മോചിതനായത്. എന്നാൽ കൺവീനർ കേജ്‌രിവാൾ ജയിലിലായതിനാൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അടക്കം ചുമതല സിസോദിയ്‌ക്കാണ്. പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കാൻ തീരുമാനിച്ച ഹരിയാനയിൽ ഇന്നലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനാൽ സിസോദിയയ്‌ക്ക് ജോലി കൂടും. അതിനിടെ പഞ്ചാബ് മുഖ്യമന്ത്രിയും മുതിർന്ന ആംആദ്‌മി പാർട്ടി നേതാവുമായ ഭഗവന്ത്സിംഗ് മാൻ ഡൽഹിയിൽ സിസോദിയയുമായി കൂടിക്കാഴ്‌ച നടത്തി.