e

ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സിൽ വെറും നൂറുഗ്രാം ഭാരക്കൂടുതലിന്റെ പേരിൽ മെഡൽ നഷ്‌ടമായതിന്റെ നിരാശയിൽ തിരിച്ചെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് സ്വർണമെഡലിനെക്കാൾ തിളക്കമുള്ള ആവേശ സ്വീകരണം നൽകി രാജ്യം.. നാട്ടുകാരും ബന്ധുക്കളും ആരാധകരും മാദ്ധ്യമങ്ങളും അടക്കം നൂറുകണക്കിന് ആളുകളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് താരംഡൽഹി വിമാനത്താവളത്തിൽ നിന്ന് ഹരിയാനയിലെ ചാർഖി ദാദ്രിയിലെ സ്വന്തം ഗ്രാമത്തിലെത്തിയത്. നാടിന്റെ സ്നേഹാധിക്യത്തിൽ വിനേഷ് പൊട്ടിക്കരഞ്ഞു. എല്ലാ ഇന്ത്യക്കാർക്കും നന്ദി പറയുന്നുവെന്നും താൻ ഭാഗ്യവതിയാണെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

വിനേഷിന്റെ കാത്ത് ഇന്നലെ രാവിലെ മുതൽ ഡൽഹി വിമാനത്താവളത്തിന് പുറത്ത് വിനേഷിന്റെ ബന്ധുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ ഹരിയാനയിൽ നിന്ന് നൂറുകണക്കികന് ആളുകൾ വാദ്യമേളങ്ങളോടെ കാത്തു നിന്നിരുന്നു. സുഹൃത്തുക്കളും ഗുസ്‌തിതാരങ്ങളുമായ സാക്ഷി മാലിക്, ബജ്റംഗ് പൂനിയ, സഹോദരൻ ഹരീന്ദർ പുനിയ, കോൺഗ്രസ് നേതാവും എംപിയുമായ ദീപേന്ദ്രർ ഹൂഡ തുടങ്ങിയവരും കൂട്ടത്തിലുണ്ടായിരുന്നു.

വിമാനമിറങ്ങി വിനേഷ് പുറത്തുവന്നതോടെ വാദ്യമേളാരവം കൂടി. ജനക്കൂട്ടത്തെ കണ്ടതോടെ വിനേഷിന് സ്വയം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞു. സാക്ഷിമാലിക്കും ബജ്‌രംഗ് പൂനിയയും സമാധാനിപ്പിച്ചു. തുടർന്ന് അവർക്കൊപ്പം വാഹനത്തിന്റെ മേൽക്കൂരയിലിരുന്ന് ആരാധകർക്ക് അഭിവാദ്യമർപ്പിച്ച് ഘോഷയാത്രയായി ജൻമനാട്ടിലേക്ക്. ഗ്രാമത്തിലും വിനേഷിന് വൻ സ്വീകരണമൊരുക്കിയിരുന്നു. മധുരപലഹാരങ്ങളും തയ്യാറാക്കി.

പാരീസിൽ നഷ്‌ടമായ സ്വർണം അടുത്ത ഒളിമ്പിക്‌സിൽ വിനേഷ് നേടുമെന്ന് സഹോദരൻ ഹരീന്ദർ പുനിയ പറഞ്ഞു. മകൾ ചാമ്പ്യനായാണ് വന്നതെന്ന് അമ്മ പ്രേംലത പറഞ്ഞു. രാജ്യം അവൾക്ക് ഒരു സ്വർണ മെഡൽ ജേതാവിനെക്കാൾ കൂടുതൽ ബഹുമാനം നൽകി.

ഇന്ത്യമുഴുവൻ അവൾക്ക് വലിയ സ്നേഹമാണ് നൽകുന്നതെന്ന് ബജ്‌രംഗ് പുനിയ ചൂണ്ടിക്കാട്ടി. വിനേഷിനെപ്പോലെ രാജ്യത്തിന് വേണ്ടി നേട്ടമുണ്ടാക്കാൻ വളരെ കുറച്ച് ആളുകൾ മാത്രമെ കഴിയൂ എന്നും അവൾക്ക് കൂടുതൽ ബഹുമാനവും അഭിനന്ദനവും ലഭിക്കണമെന്നും
ഗുസ്തി താരം സാക്ഷി മാലിക്കും പറഞ്ഞു.

വിനേഷ് എന്നും പോരാളിയാണെന്ന് ഗുസ്തി താരം സത്യവർത് കാഡിയൻ പറഞ്ഞു. എന്നാൽ പതിവായി മത്സരിക്കുന്ന 53 കി.ഗ്രാം വിഭാഗം ഒഴിവാക്കി 50 കി.ഗ്രാം വിഭാഗത്തിലേക്ക് മാറിയത് എന്തുകൊണ്ടാണെന്ന ചോദ്യം അവശേഷിക്കുന്നുവെന്നും കാഡിയൻ പറഞ്ഞു.