ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ സുപ്രധാന വകുപ്പുകളിൽ സെക്രട്ടറി തല അഴിച്ചുപണി തുടരുന്നു. 1989 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനും നിലവിൽ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് സെക്രട്ടറിയുമായ രാജേഷ് കുമാർ സിംഗാണ് പുതിയ പ്രതിരോധ സെക്രട്ടറി. മറ്റ് മന്ത്രാലയങ്ങളിലും പുതിയ സെക്രട്ടറിമാർ വരും. രാജേഷ് കുമാർ ഒക്ടോബർ 31ന് അർമന ഗിരിധർ വിരമിക്കുന്ന ഒഴിവിൽ ചുമതലയേൽക്കും. രാജേഷ് കുമാറിന് കേന്ദ്രസർക്കാർ 2026 ഒക്ടോബർ 31വരെ സർവീസ് നീട്ടി നൽകിയിട്ടുണ്ട്. സെപ്തംബർ 30ന് വിരമിക്കുന്ന അപൂർവ ചന്ദ്രയുടെ പിൻഗാമിയായി പുണ്യ സലില ശ്രീവാസ്തവ പുതിയ ആരോഗ്യ സെക്രട്ടറിയായി ചുമതലയേൽക്കും. നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ സ്പെഷ്യൽ സെക്രട്ടറിയാണ് പുണ്യ സലില.
ന്യൂനപക്ഷകാര്യ സെക്രട്ടറി കടികിതല ശ്രീനിവാസ്(ഗുജറാത്ത് കേഡർ 1989) ഭവന, നഗരകാര്യ സെക്രട്ടറിയും ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി വിവേക് ജോഷി ഡിപ്പാർട്ട്മെൻ്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് (ഡി.ഒ.പി.ടി) സെക്രട്ടറിയുമാകും. നിലവിൽ കൽക്കരി മന്ത്രാലയത്തിലെ അഡിഷണൽ സെക്രട്ടറിയായ നാഗരാജു മദ്ദിരാല ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറിയാകും. ചന്ദ്ര ശേഖർ കുമാർ (ഒഡീഷ കേഡർ, 1992) ആണ് പുതിയ ന്യൂനപക്ഷകാര്യ സെക്രട്ടറി. നീലം ഷമ്മി റാവുവിനെ (മദ്ധ്യപ്രദേശ് കേഡർ, 1992), ദേശീയ ന്യൂനപക്ഷ കമ്മിഷന്റെയും എ. നീരജയെ (ഉത്തർപ്രദേശ്, 1990) ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്റെയും സെക്രട്ടറിയായി നിയമിച്ചു.
മറ്റ് നിയമനങ്ങൾ(ബ്രാക്കറ്റിൽ കേഡർ):
മനോജ് ഗോവിൽ (മദ്ധ്യപ്രദേശ്,1991): എക്സ്പെൻഡിച്ചർ വകുപ്പ്
ദീപ്തി ഗൗർ മുഖർജി (മദ്ധ്യപ്രദേശ്,1993) കോർപ്പറേറ്റ് കാര്യം
ദീപ്തി ഉമാശങ്കർ (ഹൈദരാബാദ്,1993) രാഷ്ട്രപതിയുടെ ഒ.എസ്.ഡി
സുകൃതി ലിഖി(ഹൈദരാബാദ്,1993) ചെയർപേഴ്സൺ, നാഷണൽ കെമിക്കൽ വെപ്പൺസ് കൺവെൻഷൻ അതോറിട്ടി
സഞ്ജീവ് കുമാർ(മഹാരാഷ്ട്ര,1993) പ്രതിരോധ പ്രൊഡക്ഷൻ
അമർദീപ് സിംഗ് ഭാട്ടിയ (നാഗാലാൻഡ്,1993) പ്രമോഷൻ ഒഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേൺൽ ട്രേഡ്
പ്രശാന്ത് കുമാർ സിംഗ് (മണിപ്പൂർ,1993) ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയം അശോക് കുമാർ കലുറാം മീണ (ഒഡീഷ, 1993)കുടിവെള്ളം, ശുചിത്വ വകുപ്പ്,
സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ വിക്രം ദേവ് ദത്തിന്(എ.ജി.എം.യു.ടി 1993) സെക്രട്ടറി റാങ്കിലേക്ക് സ്ഥാനക്കയറ്റം.