ന്യൂഡൽഹി: ജമ്മു കാശ്മീർ പൊലീസ് മേധാവിയായി 1992 ബാച്ച് ഐ.പി.എസ് ഓഫീസർ നളിൻ പ്രഭാത് ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും. ഇടക്കാല ഡി.ജി.പി ആർ.ആർ സ്വെയിനിന്റെ കാലാവധി സെപ്തംബർ 30ന് പൂർത്തിയാകും. അതുവരെ പ്രഭാത് ജമ്മു കാശ്മീർ പോലീസ് സ്പെഷ്യൽ ഡയറക്ടർ ജനറലായി (ഡി.ജി) പ്രവർത്തിക്കും.
ജമ്മു മേഖലയിൽ ഭീകരാക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിലവിൽ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്.ജി) മേധാവിയായ പ്രഭാതിനെ പുതിയ ദൗത്യമേൽപ്പിക്കുന്നത്. എ.ജി.എം.യു.ടി കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ പ്രഭാത് മൂന്നു മാസങ്ങൾക്കു മുമ്പാണ് എൻ.എസ്.ജി മേധാവിയായത്. 2028 ആഗസ്റ്റ് 31 വരെ അവിടെ കാലാവധിയുണ്ടായിരുന്നു. അതിന് മുൻപ് സി.ആർ.പി.എഫ് അഡിഷണൽ ഡയറക്ടർ ജനറലും സ്പെഷ്യൽ ഡി.ജിയുമായിരുന്നു സി.ആർ.പി.എഫിൽ കാശ്മീർ, ദക്ഷിണ കാശ്മീർ സെക്ടറുകളുടെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡി.ഐ.ജി) പദവിയിലിരുന്നതിനാൽ സംസ്ഥാനത്തെ സാഹചര്യങ്ങൾ പരിചിതം. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബി.എ (ഓണേഴ്സ്), എം.എ ബിരുദധാരിയായ പ്രഭാത് മൂന്ന് തവണ ധീരതയ്ക്കുള്ള പൊലീസ് മെഡൽ നേടിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ പ്രത്യേക നക്സൽ വിരുദ്ധ പോലീസ് സേനയായ 'ഗ്രേഹൗണ്ട്സ്' തലവനായിരുന്നു.