modi

ന്യൂഡൽഹി: ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യ-ഊർജ്ജ സുരക്ഷ തുടങ്ങിയ നിർണായക വിഷയങ്ങളിൽ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാം വോയ്‌സ് ഒഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഭീഷണികളെ നേരിടാൻ എല്ലാവരെയും ഉൾക്കൊള്ളുന്ന ആഗോള ഭരണത്തിന് മാത്രമേ കഴിയൂ. ഇക്കാര്യത്തിൽ ഗ്ളോബൽ സൗത്തിന് മികച്ച സംഭാവനകൾ നൽകാനാകും. ലോകത്ത് വടക്കും തെക്കും തമ്മിലുള്ള വിടവു നികത്താൻ ശ്രമിക്കണം. വോയ്‌സ് ഒഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടി പാർശ്വവത്‌ക്കരിക്കപ്പെട്ടവരുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും ശബ്ദം നൽകുന്നു. ഐക്യമാണ് ശക്തി. കൊവിഡിന് ശേഷം അനിശ്ചിതത്വത്തിലായ ലോകം ഭീകരതയുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു. മുൻ ദശകത്തിൽ സ്ഥാപിതമായ ആഗോള ഭരണകൂടങ്ങൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇന്നത്തെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനാകുന്നില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യ എല്ലായ്‌പ്പോഴും ഗ്ളോബൽ സൗത്തിനൊപ്പമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പ്രതിബദ്ധതയാണ് ജി 20 കൂട്ടായ്‌മയിൽ ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം നേടിക്കൊടുത്തത്. ഉച്ചകോടി എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധത തെളിയിക്കുന്നു.

ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ വെർച്വൽ ആയി ചേർന്ന ഏകദിന ഉച്ചകോടിയിൽ 173 രാജ്യങ്ങൾ പങ്കെടുത്തു. 21 രാഷ്‌ട്രത്തലവൻമാരും 118 മന്ത്രിമാരും വിവിധ ആഗോള വിഷയങ്ങൾ ചർച്ച ചെയ്‌തു. കഴിഞ്ഞ വർഷം ജനുവരി, നവംബർ മാസങ്ങളിലായി ഗ്ളോബൽ സൗത്ത് ഒന്നും രണ്ടും ഉച്ചകോടികൾക്കും വെർച്വൽ ഫോർമാറ്റിൽ ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു.

 25 ലക്ഷം ഡോളർ

വികസ്വര രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഗ്ളോബൽ സൗത്തിനായി സന്തുലിതവും സമഗ്രവുമായ വളർച്ച ലക്ഷ്യമിട്ടുള്ള പദ്ധതി നിർദ്ദേശിച്ച് ഇന്ത്യ. ഗ്ളോബൽ സൗത്തിന്റെ വ്യാപാര പ്രോത്സാഹനത്തിന് ഇന്ത്യ 25 ലക്ഷം ഡോളറിന്റെ പ്രത്യേക പ്രവർത്തന ഫണ്ട് ആരംഭിക്കുമെന്നും ശേഷി വികസനത്തിനും വ്യാപാര പ്രോത്സാഹനത്തിനുമായി സഹായം നൽകുമെന്നും മോദി പ്രഖ്യാപിച്ചു. ഇന്ത്യയുടെ അനുഭവങ്ങളുടെ പശ്‌ചാത്തലത്തിൽ മനുഷ്യ കേന്ദ്രീകൃതവും വികസനത്തിന് മുൻതൂക്കം നൽകുന്നതുമാകും പ്രവർത്തന ഫണ്ട്. ദരിദ്ര രാജ്യങ്ങളെ കടത്തിൽ മുങ്ങാൻ ഇടവരുത്തില്ലെന്നും മോദി പറഞ്ഞു. അംഗ രാജ്യങ്ങളുടെ സന്തുലിതവും സമഗ്രവുമായ വളർച്ചയാണ് ലക്ഷ്യം. വികസനത്തിനായുള്ള വ്യാപാരം, സുസ്ഥിര വളർച്ചയ്ക്കുള്ള ശേഷി വർദ്ധിപ്പിക്കൽ, സാങ്കേതികവിദ്യ പങ്കിടൽ, ഇളവുകളോടെയുള്ള ധനസഹായം, ഗ്രാന്റുകൾ എന്നിവയ്ക്ക് മുൻഗണന നൽകും. ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ വിലകുറഞ്ഞതും ഫലപ്രദവുമായ ജനറിക് മരുന്നുകളും ലഭ്യമാക്കും. മെഡിസിൻ റെഗുലേറ്റർമാർക്ക് പരിശീലനം നൽകും.