ന്യൂഡൽഹി: വഖഫ് (ഭേദഗതി) ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ ആദ്യയോഗം ആഗസ്റ്റ് 22 ന് പാർലമെന്റ് ഹൗസ് അനക്സിൽ നടക്കും. ബില്ലിനെക്കുറിച്ചും ബില്ലിൽ നിർദ്ദേശിച്ച ഭേദഗതികളെക്കുറിച്ചും ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധികൾ ബി.ജെ.പി അംഗം ജഗദാംബിക പാൽ അദ്ധ്യക്ഷനായ സമിതിയെ ധരിപ്പിക്കും. നിയമമന്ത്രാലയത്തിൻ്റെ പ്രതിനിധികളും പങ്കെടുക്കും.
സമിതിയിൽ ലോക്‌സഭയിൽ നിന്ന് 21 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 10 അംഗങ്ങളുമാണുള്ളത്. ഇക്കഴിഞ്ഞ പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച ബില്ലിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. തുടർന്നാണ് സൂക്ഷ്മപരിശോധനയ്ക്കായി ജെ.പി.സിക്ക് അയയ്ക്കാൻ തീരുമാനിച്ചത്. ജെ.പി.സി റിപ്പോർട്ട് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ലോക്‌സഭയിൽ സമർപ്പിക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.