ജെ. എം. എം. വിടുമെന്ന് എക്സിൽ സൂചന
ന്യൂഡൽഹി : കഴിഞ്ഞ മാസം മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയതിൽ നിരാശനായ ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) സീനിയർ നേതാവ് ചമ്പൈ സോറൻ (67) ബി. ജെ. പിയിൽ ചേക്കേറുമെന്ന അഭ്യൂഹം ശക്തം. ഇന്നലെ മൂന്ന് എം.എൽ.എമാർക്കൊപ്പം ഡൽഹിയിലെത്തിയ അദ്ദേഹം ബി.ജെ. പി നേതാക്കളുമായി ചർച്ച നടത്തിയെന്ന് സൂചനയുണ്ട്.
പാർട്ടിയിൽ നേരിട്ട കടുത്ത അപമാനത്തെ പറ്റി ഇന്നലെ എക്സിൽ വിശദീകരിച്ച കുറിപ്പിൽ ജെ.എം.എം വിടുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുക, പുതിയ പാർട്ടി ഉണ്ടാക്കുക, മറ്റൊരു സഖ്യത്തിന്റെ ഭാഗമാവുക എന്നീ മൂന്ന് വഴികളേ തനിക്കുള്ളൂ എന്നാണ് കുറിപ്പിൽ.
ജാർഖണ്ഡിൽ ഡിസംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന സൂചനകൾക്കിടെയാണ് ഭരണം നടത്തുന്ന ഇന്ത്യാസഖ്യത്തിലെ മുഖ്യകക്ഷിയായ ജെ. എം. എമ്മിനെ പ്രതിരോധത്തിലാക്കി ചമ്പൈ സോറന്റെ നീക്കം. സോറനെ കൊണ്ടുവരാൻ കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയാണ് ബി. ജെ. പി നിയോഗിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
ചമ്പൈ സോറനൊപ്പം ഒരുവിഭാഗം ജെ.എം.എം, കോൺഗ്രസ് എം.എൽ.എമാരും ബി.ജെ.പിയിലേക്ക് എത്തുമെന്നും റിപ്പോർട്ടുണ്ട്. ബി. ജെ. പിയിൽ ചേരുമെന്ന വാർത്തകൾ അദ്ദേഹം നിഷേധിക്കുന്നുണ്ട്. മുൻ ജെ.എം.എം നിയമസഭാംഗവും ബി.ജെ.പി കേന്ദ്രങ്ങളുമായി ബന്ധവുമുള്ള ലോബിൻ ഹെംബ്രോമുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.കൊൽക്കത്തയിൽ നിന്നാണ് അദ്ദേഹം ഡൽഹിയിൽ എത്തിയത്. കൊൽക്കത്തയിൽ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയെ കണ്ടെന്നും റിപ്പോർട്ടുണ്ട്.
ജാർഖണ്ഡ് കടുവയെന്നും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വിശ്വസ്തനെന്ന നിലയിൽ 'ഹനുമാൻ' എന്നും വിളിപ്പേരുള്ള നേതാവാണ് ചമ്പൈ സോറൻ. അദ്ദേഹത്തെ അനുനയിപ്പിക്കാൻ ഹേമന്ത് സോറൻ ക്യാമ്പും ശ്രമിക്കുന്നുണ്ട്.
81 അംഗ നിയമസഭയിൽ ഹേമന്ത് സോറന്റെ 'ഇന്ത്യ' സഖ്യ സർക്കാരിന് 47 പേരുടെ പിന്തുണയാണുള്ളത്. ജെ.എം.എം 30, കോൺഗ്രസ് 16,ആർ.ജെ.ഡി 1.
പാർട്ടിയുടെ പേര് ഒഴിവാക്കി
എക്സ് അക്കൗണ്ടിൽ നിന്ന് ജെ.എം.എമ്മിന്റെ പേര് ചമ്പൈ സോറൻ ഒഴിവാക്കി. സോറന്റെ പോസ്റ്ററുകൾ പാർട്ടി ഓഫീസുകളിൽ നിന്ന് നീക്കി.
ഭിന്നത രൂക്ഷം
പാർട്ടി നേതൃത്വവുമായി ചമ്പൈ സോറൻ അകൽച്ചയിലാണ്. ഇ.ഡി കേസിൽ ജാമ്യം നേടി ഹേമന്ത് സോറൻ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചമ്പൈ സോറനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മകന് സീറ്റ് ചോദിച്ചതിലും പാർട്ടിയുടെ അനുകൂല മറുപടി ലഭിച്ചില്ലെന്നും അറിയുന്നു.
താൻ എവിടെയാണോ അവിടെ തന്നെയുണ്ട്. ഡൽഹി സന്ദർശനം വ്യക്തിപരമാണ്. മകളെ കാണാനാണ് വന്നത്.
--ചമ്പൈ സോറൻ ഡൽഹിയിൽ പറഞ്ഞത്.