nurse
f

ചീഫ്ജസ്റ്റിസിന്റെ ബെഞ്ച് നാളെ പരിഗണിക്കും

ന്യൂഡൽഹി: കൊൽക്കത്തയിലെ ആർ.ജി.കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി.ജി ഡോക്‌ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ മൂന്നംഗ ബെഞ്ച് കേസ് നാളെ പരിഗണിക്കും. ജസ്റ്രിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരാണ് മറ്റ് അംഗങ്ങൾ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിശദീകരണം നൽകും.

ക്രൂരമായ സംഭവത്തിലും പൊലീസിന്റെ വീഴ്ചകളിലും രാജ്യമാകെ അമർഷവും ഡോക്ടർ‌മാരുടെ പ്രതിഷേധവും ബംഗാൾ സർക്കാരിനെതിരെ സമ്മർദ്ദവും ശക്തമാകുമ്പോഴാണ് സുപ്രീംകോടതി നേരിട്ട് ഇടപട്ടത്. സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. നേരത്തേ കേസന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച കൊൽക്കത്ത ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിട്ടിരുന്നു.

മനഃശാസ്ത്ര പരിശോധന

അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയെ ഇന്നലെ സി.ബി.ഐയുടെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ (സിഎഫ്എസ്എൽ) അഞ്ച് വിദഗ്ദ്ധരുടെ സംഘം മനഃശാസ്‌ത്ര പരിശോധനയ്ക്ക് വിധേയനാക്കി. സംഭവം നടന്ന എമർജൻസി വാർഡ് കെട്ടിടത്തിൽ സി.ബി.ഐ ത്രീ.ഡി ലേസർ മാപ്പിംഗ് നടത്തി.

കൊല്ലപ്പെട്ട ഡോക്ടറുടെ ഡയറി മാതാപിതാക്കൾ അന്വേഷണസംഘത്തിന് കൈമാറി. ഡോക്ടർക്ക് പ്രതിയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നോ, ഡോക്ടറുടെ മാനസികാവസ്ഥ തുടങ്ങിയ വിവരങ്ങൾ ഡയറിയിൽ നിന്ന് ലഭിക്കുമെന്നാണ് വിലയിരുത്തൽ.

മുൻ പ്രിൻസിപ്പലിനെ ചോദ്യം ചെയ്യുന്നു

ആർ.ജി. കർ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായ മൂന്നാം ദിവസവും സി.ബി.ഐ ചോദ്യം ചെയ്തു. സംഭവത്തിന് മുമ്പും ശേഷവും അദ്ദേഹത്തിന്റെ ഫോൺ കാളുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു.
സംഭവത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ഡോ.കുനാൽ സർക്കാർ,ഡോ.സുബർണ ഗോസ്വാമി,ബി.ജെ.പി നേതാവും മുൻ എം.പിയുമായ ലോകേത് ചാറ്റർജി എന്നിവരെ പൊലീസ് ചോദ്യം ചെയ്തു.

പ്രതിഷേധം ആളുന്നു,

ഫുട്ബോൾ മത്സരം മാറ്റി

ഫുട്ബോൾ ആരാധകർ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധിച്ചു. പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ഏതാനും പേരെ അറസ്റ്റ് ചെയ്തു. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ഡ്യൂറന്റ് കപ്പ് മത്സരം റദ്ദാക്കി.

ബംഗാളിലെ ചലച്ചിത്ര പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.

ആർ.ജി.കർ മെഡിക്കൽ കോളേജ് പരിസരത്ത് ഏഴ് ദിവസം നിരോധനാജ്ഞ

ഇരയുടെ പേര് വെളിപ്പെടുത്തിയ ഡോക്ടർമാർക്ക് പൊലീസ് നോട്ടീസ്.

പ്രക്ഷോഭത്തിൽ പങ്കെടുത്ത 42 ഡോക്ടർമാരുടെ സ്ഥലം മാറ്റം പിൻവലിച്ചു

ന്യൂഡൽഹിയിൽ ഡോക്‌ടർമാരും വിദ്യാ‌ർത്ഥികളും ഉൾപ്പെടെ ആയിരത്തിൽപ്പരം പേർ പ്രതിഷേധ മാർച്ച് നടത്തി.

വനിതാ ഡോക്ടറുടെ ആന്തരികാവയവങ്ങൾ പൊലീസ് മാറ്റിയെന്ന് ബംഗാൾ ബി.ജെ. പി നേതാവ് സുവേന്ദു അധികാരി ആരോപിച്ചു