g

ന്യൂഡൽഹി: ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡി.പി.എ.പി)കോൺഗ്രസിൽ ലയിക്കുമെന്ന അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമെന്ന് ഗുലാം നബി ആസാദ്. പാർട്ടിയെ തകർക്കാൻ കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്ന് ഡി.പി.എ.പി വക്താവ് സൽമാൻ നിസാമി പറഞ്ഞു. ഡി.പി.എ.പിയെ ലയിപ്പിക്കാൻ കോൺഗ്രസ് ഉന്നതർ തന്നെ സമീപിച്ചുവെന്ന റിപ്പോർട്ടുകൾ ഗുലാം നബി തള്ളി. കോൺഗ്രസ് നേതാക്കളെ കാണുകയോ സംസാരിക്കുകയോ ചെയ്‌തിട്ടില്ല. കോൺഗ്രസിന്റെ കെണിയിൽ വീഴരുതെന്ന് ഗുലാം ആസാദ് പ്രവർത്തകരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സൽമാൻ നിസാമിയുംപറഞ്ഞു.

മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ആസാദ് (75) കോൺഗ്രസുമായുള്ള അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ച് 2022 സെപ്‌തംബറിലാണ് ഡി.പി.എ.പി രൂപീകരിച്ചത്. നിരവധി കോൺഗ്രസ് നേതാക്കളെയും ഒപ്പം കൂട്ടിയെങ്കിലും പലരും മടങ്ങിപ്പോയി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച പാർട്ടിക്ക് ശ്രീനഗർ, അനന്ത്നാഗ്-രജൗരി, ഉധംപൂർ മണ്ഡലങ്ങളിൽ കെട്ടിവെച്ച തുക നഷ്ടപ്പെടുകയും ചെയ്‌തു.