e

ന്യൂഡൽഹി: 11 വർഷമായി കിടപ്പിലാണെന്നും ദയാവധം അനുവദിക്കണമെന്നുമുള്ള 30കാരന്റെ ആവശ്യത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. പൂർണമായും ജീവരക്ഷാ യന്ത്രങ്ങളെ ആശ്രയിച്ചല്ല അദ്ദേഹത്തിന്റെ ജീവിതമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഡൽഹി സ്വദേശി ഹരീഷ് റാണയുടെ ദയനീയ ജീവിതമാണ് കോടതിക്ക് മുന്നിലെത്തിയത്. വൃദ്ധരായ മാതാപിതാക്കൾക്ക് ഹരീഷിനെ നോക്കാൻ കഴിയാത്ത അസാധാരണ സാഹചര്യം കോടതി കണക്കിലെടുത്തു. മികച്ച ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് വ്യക്തമാക്കിയ കോടതി, കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയുടെ സഹായവും തേടി. ഹരീഷിന്റെ മാതാപിതാക്കളുടെ ഹർജി നേരത്തെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.

പഞ്ചാബ് സ‌ർവകലാശാലയിൽ വിദ്യാർത്ഥിയായിരുന്നു ഹരീഷ് റാണ. 2013ൽ അവിടുത്തെ പേയിംഗ് ഗസ്റ്റ് ഹൗസിന്റെ നാലാം നിലയിൽ നിന്ന് താഴേക്കു വീണ് തലയ്‌ക്ക് ഗുരുതര ക്ഷതം സംഭവിക്കുകയായിരുന്നു. അന്നുമുതൽ കിടക്കയിലാണ്. ശരീരത്തിൽ വ്രണങ്ങൾ രൂപപ്പെട്ടിരിക്കുന്നു. വൃദ്ധരായ മാതാപിതാക്കൾക്ക് എല്ലാ പ്രതീക്ഷയും നഷ്‌ടപ്പെട്ടിരിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.