ന്യൂഡൽഹി : കേരളത്തിലെ പ്രമുഖ പരസ്യ ഏജൻസിയായ വളപ്പില കമ്മ്യൂണിക്കേഷൻസിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ട് ദുരുപയോഗം ചെയ്‌ത് 1 കോടി 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഫൈനാൻസ് മാനേജർ ടി.യു.വിഷ്‌ണുപ്രസാദിനെ റിമാൻഡ് ചെയ്‌ത് തൃശൂർ വിയ്യൂർ ജയിലിലേക്ക് അയച്ചു. സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതി ഇന്നലെ തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങുകയായിരുന്നു. തൃശൂർ ആമ്പല്ലൂർ വട്ടണാത്ര സ്വദേശിയാണ് വിഷ്‌ണുപ്രസാദ്.
2022 നവംബർ ഒന്നു മുതൽ സ്ഥാപനത്തിൽ ഫൈനാൻസ് മാനേജരായി ജോലി ചെയ്യവേ സാമ്പത്തിക തട്ടിപ്പു നടത്തിയെന്നാണ് കേസ്. ഓൺലൈൻ ബാങ്കിംഗിലൂടെയാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. സ്ഥാപനത്തിന്റെ ജി.എസ്.ടി, ആദായനികുതി, ഇ.എസ്.ഐ, പി.ഇ, ടി.ഡി.എസ് എന്നിവ അടച്ചതിന്റെ വ്യാജരേഖകൾ നിർമ്മിച്ചായിരുന്നു തട്ടിപ്പ്. സ്ഥാപനത്തിന്റെ ഓഡിറ്റിംഗ് വിഭാഗം പ്രതിയുടെ സാമ്പത്തിക തട്ടിപ്പുകൾ കണ്ടെത്തിയതിനെ തുടർന്ന് തൃശൂർ ഠൗൺ ഈസ്റ്റ് പൊലീസിൽ പരാതി നൽകി. കേസിൽ ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാക്കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു.
സുപ്രീംകോടതി ഇടപെട്ടില്ല
കഴിഞ്ഞ ജൂലായ് 27ന് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നിരസിച്ച ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്തു. കീഴടങ്ങാൻ നാലാഴ്ച സമയം അനുവദിച്ചു. കീഴടങ്ങാനുള്ള സമയപരിധി അവസാനിക്കാറായതോടെയാണ് പ്രതി ടി.യു.വിഷ്‌ണുപ്രസാദ് ഇന്നലെ തൃശൂർ സി.ജെ.എം കോടതിയിൽ കീഴടങ്ങിയത്.