ന്യൂഡൽഹി : കാർഷികവിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയനിർമ്മാണം നടത്തുക, കാർഷികവായ്പകൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമരം തുടരുന്ന കർഷകരെ കേൾക്കാനും, പരിഹാരം കണ്ടെത്താനും ഒരാഴ്ചയ്‌ക്കകം സ്വതന്ത്ര സമിതി രൂപീകരിച്ച് ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. സമിതി രൂപീകരിക്കുമെന്ന് ജൂലായിൽ കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർനടപടിയെന്ന നിലയിൽ, സമിതി അംഗങ്ങളായി നിയോഗിക്കേണ്ടവരുടെ പേരുകൾ ഹരിയാന - പഞ്ചാബ് സർക്കാരുകൾ കൈമാറി.
ഇന്നലെ വിഷയം പരിഗണിച്ച ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച്, കൂടുതൽ പേരുകൾ സമർപ്പിക്കാൻ പഞ്ചാബിന് മൂന്നുദിവസം കൂടി അനുവദിച്ചു. സമിതിയുടെ പരിഗണനാവിഷയങ്ങൾ നിർദ്ദേശിക്കാൻ ഇരു സംസ്ഥാനങ്ങൾക്കും മൂന്നു ദിവസം നൽകി.
ഡൽഹി ചലോ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹരിയാന - പഞ്ചാബ് അതിർത്തിയായ ശംഭുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ കർഷകർ തമ്പടിച്ചിരിക്കുകയാണ്. അവിടെ പൊലീസ് നിരത്തിയ ബാരിക്കേഡുകൾ ഘട്ടംഘട്ടമായി നീക്കണമെന്ന് കോടതി നേരത്തെ നിലപാടെടുത്തിരുന്നു. ഇക്കാര്യത്തിൽ ഉൾപ്പെടെ കർഷകരുമായി സർക്കാരുകൾ ചർച്ച തുടരണമെന്നും, അതിലുണ്ടാകുന്ന ഫലം സംബന്ധിച്ച് അറിയിക്കണമെന്നും കോടതി ഇന്നലെ നിർദ്ദേശിച്ചു.