ന്യൂഡൽഹി: സമരം ചെയ്‌ത ഡോക്‌ടർമാർക്കെതിരെ നടപടികൾ പാടില്ലെന്നും, ദേശീയ ടാസ്‌ക് ഫോഴ്സിന്റെ റിപ്പോർട്ട് വരുന്നതു വരെ മെഡിക്കൽ പ്രൊഫഷണലുകൾക്ക് ഇടക്കാല സുരക്ഷ ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സുപ്രീംകോടതിയുടെ കർശന നിർദ്ദേശം.

കൊൽക്കത്തയിൽ പി.ജി ഡോക്‌ടറുടെ മാനഭംഗക്കൊലയിൽ സ്വമേധയാ എടുത്ത കേസിലാണിത്.

ഡോക്ടർമാരുടെ മനുഷ്യത്വഹീനമായ തൊഴിൽ സാഹചര്യങ്ങളിൽ ഉൽക്കണ്ഠ പ്രകടിപ്പിച്ച കോടതി, കേസിൽ പൊലീസിന്റെ ഗുരുതരമായ വീഴ്ചകളെ ആവ‌ർത്തിച്ച് വിമർശിച്ചു.

സമരത്തിൽ നിന്ന് ഡോക്‌ടർമാർ പിന്മാറണമെന്നും, ജോലിയിലേക്ക് മടങ്ങണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് അഭ്യർത്ഥിച്ചു. ഡോക്‌ടർമാർ ജോലി ചെയ്‌തില്ലെങ്കിൽ പൊതുജനാരോഗ്യ സംവിധാനം എങ്ങനെ പ്രവർത്തിക്കുമെന്ന് ചോദിച്ചു. കോടതി നിർദ്ദേശം മാനിച്ച് ഡൽഹി എയിംസിലെ റസിഡന്റ് ഡോക്‌ട‌മാരും ഡോക്ടർമാരുടെ

സംഘടനയായ ഫൈമയും സമരം അവസാനിപ്പിച്ചു. സെപ്‌തംബർ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.

 നടപടിക്ക് രണ്ടാഴ്ച

കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിമാരുടെയും ഡി.ജി.പിമാരുടെയും യോഗം ഒരാഴ്ച്ചയ്‌ക്കകം വിളിക്കണം. സംസ്ഥാനങ്ങൾ രണ്ടാഴ്ച്ചയ്‌ക്കകം നടപടി സ്വീകരിക്കണം. ടാസ്‌ക് ഫോഴ്സിന് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ആരോഗ്യ മന്ത്രാലയം പോർട്ടൽ രൂപീകരിക്കണം.

വീഴ്ചകളിൽ ആഞ്ഞടിച്ച് സുപ്രീംകോടതി

ആഗസ്റ്റ് 8 - 9 രാത്രിയിലാണ് സംഭവം. 9ന് രാവിലെ 10.10ന് മാത്രമാണ് പൊലീസിനെ അറിയിച്ചത്. ആശുപത്രി അധികൃതർ അതുവരെ എന്തു ചെയ്യുകയായിരുന്നു?

 അസ്വാഭാവിക മരണമെന്ന് ജി.ഡിയിൽ രേഖപ്പെടുത്തിയത് രാവിലെ 10.10ന്.

സംഭവസ്ഥലം സീൽ ചെയ്‌തത് രാത്രി 11.30ന്

14 മണിക്കൂർ കഴിഞ്ഞാണ് എഫ്. ഐ.ആർ രജിസ്റ്റർ ചെയ്‌തത്.

പ്രിൻസിപ്പൽ എത്തി എഫ്. ഐ. ആർ ഫയൽ ചെയ്യാൻ നിർദ്ദേശിക്കണമായിരുന്നു

കേസെടുക്കും മുൻപ് പോസ്റ്റ്മോർട്ടം നടത്തി. ഇതെല്ലാം അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു.

കേസ് വീണ്ടും പരിഗണിക്കുമ്പോൾ ബംഗാളിന്റെ ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ കോടതിയിലുണ്ടാകണം