poland-diss

ന്യൂഡൽഹി: റഷ്യ-യുക്രെയിൻ സംഘർഷം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുദ്ധന്റെ പൈതൃകമുള്ള ഇന്ത്യ ശാശ്വത സമാധാനത്തിനായി വാദിക്കുന്നുവെന്നും പോളണ്ടിൽ പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌‌കുമായുള്ള കൂടിക്കാഴ്‌ചയിലും ഇന്ത്യൻ സമൂഹത്തിന്റെ ച‌ടങ്ങിലും മോദി ചൂണ്ടിക്കാട്ടി. രണ്ടുദിവസത്തെ പോളണ്ട് സന്ദർശനം പൂർത്തിയാക്കി മോദി ട്രെയിനിൽ യുക്രെയിൻ തലസ്ഥാനമായ കീവിലെത്തി. പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. ഇത് യുദ്ധത്തിന്റെ കാലമല്ല, മനുഷ്യരാശിയുടെ ഭീഷണികൾക്കെതിരെ ഒന്നിക്കേണ്ട സമയമാണ്. നയതന്ത്രത്തിനും ചർച്ചയ്‌ക്കും ഇന്ത്യ ഊന്നൽ നൽകുന്നു. റഷ്യ-യുക്രെയിൻ സംഘർഷത്തിൽ പോളണ്ടിനെപ്പോലെ ഇന്ത്യയ്‌ക്കും ആശങ്കയുണ്ട്. യുദ്ധം ഒന്നിനും പരിഹാരമല്ല. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹാരം കണ്ടെത്താൻ ഇന്ത്യ തയ്യാറാണ്.

ഗുജറാത്തിൽ ഭൂകമ്പം ഉണ്ടായപ്പോൾ, ആദ്യം സഹായിച്ച രാജ്യങ്ങളിലൊന്നാണ് പോളണ്ടെന്ന് മോദി ഓർത്തു. ജനങ്ങളുടെ ബന്ധം ഇരു രാജ്യങ്ങളെയും കൂട്ടിയിണക്കുന്നു. നവനഗർ മുൻ മഹാരാജാവ് ജാം സാഹെബ് ദിഗ്‌വിജയ്‌ സിൻഹിന്റെ സ്മാരകവും കോലാപ്പൂർ സ്‌മാരകവും വർഷങ്ങളായുള്ള ബന്ധത്തിന് തെളിവാണ്. ഭാരത് ജാം സാഹിബ് മെമ്മോറിയൽ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൽ വർഷം 20 പോളിഷ് യുവാക്കളെ ഇന്ത്യയിലേക്ക് ക്ഷണിക്കും. യുദ്ധത്തിൽ യുക്രെയിനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷിക്കാൻ പോളണ്ട് നൽകിയ സഹായത്തിനും മോദി നന്ദി പറഞ്ഞു.

പോളണ്ടിലെ കമ്പനികളെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലേക്ക് അദ്ദേഹം ക്ഷണിച്ചു. ഫാർമ, സ്‌പേസ് മേഖലകളിൽ ഇന്ത്യയുടെ അനുഭവങ്ങൾ പോളണ്ടിന് ഗുണം ചെയ്യും. ഭീകര പ്രവർത്തനം അടക്കം അന്താരാഷ്‌ട്ര വെല്ലുവിളികൾ നേരിടുന്നതിലും ഇരു രാജ്യങ്ങളുടെയും സഹകരണം പ്രധാനമാണ്. 2025ൽ പോളണ്ട് യൂറപ്യൻ യൂണിയൻ അദ്ധ്യക്ഷനാകുന്നത് ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു.

ഇന്ത്യയ്‌ക്ക് നിർണായക പങ്ക്: ടസ്‌ക്

റഷ്യ-യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യക്ക് ക്രിയാത്മക പങ്ക് വഹിക്കാനാകുമെന്ന് ഡൊണാൾഡ് ടസ്‌‌ക് പറഞ്ഞു. മോദിയുടെ യുക്രെയിൻ സന്ദർശനം ചരിത്രമാകും. ഇന്ത്യയുമായി പ്രതിരോധ, വ്യാപാരമേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും.

ടസ്‌കുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് വാഴ്‌സയിലെ ചാൻസലറിയിൽ എത്തിയ മോദിക്ക് ആചാരപരമായ സ്വീകരണം നൽകി. ഇരു പ്രതിനിധി സംഘങ്ങളും ഉഭയകക്ഷി സഹകരണം ചർച്ച ചെയ്തു. ടസ്‌‌ക് ആതിഥേയത്വം വഹിച്ച ഉച്ചഭക്ഷണ വിരുന്നിലും മോദി പങ്കെടുത്തു. പ്രസിഡന്റ് ആന്ദ്രെ ദുഡയുമായും പോളിഷ് വ്യവസായികളുമായും കൂടിക്കാഴ്ച നടത്തി.