s

ന്യൂഡൽഹി : കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി.ജി ട്രെയിനി ഡോക്‌ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ ഭരണകക്ഷിയിലെ തൃണമൂൽ കോൺഗ്രസും, പ്രതിപക്ഷത്തെ ബി.ജെ.പിയും പരസ്‌പരം രാഷ്ട്രീയ വിഴുപ്പലക്കൽ നടത്തുന്നതിനെ സുപ്രീംകോടതി വിമർശിച്ചു.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ചൂണ്ടുന്ന വിരലുകൾ വെട്ടിമാറ്റുമെന്ന് അവിടുത്തെ സിറ്രിംഗ് മന്ത്രി പറഞ്ഞെന്ന് സി.ബി.ഐക്ക് വേണ്ടി ഹാജരായ സോളിസിറ്രർ ജനറൽ തുഷാർ മേത്ത അറിയിച്ചപ്പോൾ,​ വെടിവയ്‌ക്കുമെന്നാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറയുന്നതെന്ന് ബംഗാൾ സർക്കാരിന്റെ അഭിഭാഷകൻ കപിൽ സിബൽ തിരിച്ചടിച്ചു.

അപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് പ്രതികരിച്ചത്. രാഷ്ട്രീയ പാർട്ടികളും സർക്കാരും വിഷയം രാഷ്ട്രീയവത്കരിക്കരുത്. നിയമം അതിന്റെ വഴിക്ക് പോകുമെന്നും വ്യക്തമാക്കി.

അതേസമയം,​ പ്രതിക്ക് നുണപരിശോധന നടത്താൻ സി.ബി.ഐ സമർപ്പിച്ച അപേക്ഷയിൽ ഇന്ന് വൈകിട്ട് 5 മണിക്ക് മുൻപ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.

36 മണിക്കൂ‌ർ ഷിഫ്റ്റ്

മനുഷ്യത്വരഹിതം

റസിഡന്റ് ഡോക്‌ടർമാരുടെ 36 മുതൽ 48 മണിക്കൂർ വരെ നീളുന്ന ഷിഫ്റ്റ് മനുഷ്യത്വരഹിതമാണെന്ന് സുപ്രീംകോടതി. ദേശീയ ടാസ്ക് ഫോഴ്സ് ഇക്കാര്യം പരിശോധിക്കണം. ജോലിസമയം നിജപ്പെടുത്തണം. ഇതുൾപ്പെടെ ഡോക്ടർമാരുടെ തൊഴിൽസാഹചര്യം മെച്ചപ്പെടുത്താൻ ശുപാർശകൾ സമർപ്പിക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു.

 ഡോക്‌ടറും ജഡ്‌ജിയും സമരം ചെയ്യരുത്

ജീവിതവും, സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഡോക്‌ടർമാരും ജഡ്‌ജിമാരും സമരം ചെയ്യരുതെന്ന് കോടതി നിലപാടെടുത്തു. സുപ്രീംകോടതിക്ക് പുറത്തുപോയി സമരമിരിക്കാൻ തങ്ങൾക്ക് കഴിയുമോ?​ മരുന്നും നീതിയും മുടക്കാനാവില്ല - ചീഫ് ജസ്റ്റിസ് പറഞ്ഞു.