ന്യൂഡൽഹി: ന്യൂസ് പ്രിന്റിനുള്ള അഞ്ചു ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും ഡിജിറ്റൽ ന്യൂസ് സബ്സ്ക്രിപ്ഷനുള്ള ജി.എസ്.ടിയും പിൻവലിക്കണമെന്നാവശ്യപ്പെട്ട് 'ദ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി'യുടെ (ഐ.എൻ.എസ്) പ്രതിനിധി സംഘം കേന്ദ്ര വാർത്താവിതരണ - പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ച് നിവേദനം നൽകി. ഐ.എൻ.എസ് പ്രസിഡന്റ് രാകേഷ് ശർമ്മയുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം കേന്ദ്രമന്ത്രിയെ കണ്ടത്. ഒൻപതാമത് റേറ്റ് സ്ട്രക്ചർ കമ്മിറ്റിയുടെ ശുപാർശകൾ, ഇ-പേപ്പറിന് പ്രത്യേക നിരക്ക് ഏർപ്പെടുത്തൽ, പ്രിന്റ് മീഡിയയ്ക്കുള്ള സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷന്റെ ബഡ്ജറ്റ് നവീകരിക്കൽ തുടങ്ങിയവ ചർച്ചയായി. വിഷയങ്ങൾ പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി ഐ.എൻ.എസ് സെക്രട്ടറി ജനറൽ മേരി പോൾ അറിയിച്ചു.