ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദത്തിന് പുതിയ മാനം പകരുന്നതായി ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ പീഡനശ്രമാരോപണം. 2009ൽ പാലേരിമാണിക്യം സിനിമയുടെ ഒഡീഷനിടെയുണ്ടായ ദുരനുഭവമാണ് തുറന്നുപറഞ്ഞത്. സി.പി.എം സഹയാത്രികയായ ആക്ടിവിസ്റ്റാണ് ശ്രീലേഖ.
അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. വെളിപ്പെടുത്തൽ ഹേമ റിപ്പോർട്ടിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണെന്ന് സി.പി.ഐ നേതാവ് ആനിരാജ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ള പേരുകൾ സർക്കാർ ഉടൻ പുറത്തുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അകലെയിലെ അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിച്ചത്. കൊച്ചിയിലെ ഹോട്ടലിലായിരുന്നു ഒഡീഷൻ. സംവിധായകൻ രഞ്ജിത്തിനെ രാവിലെ കണ്ടു. ഫോട്ടോഷൂട്ട് നടന്നു. വൈകിട്ട് പ്രതിഫലം, കഥാപാത്രം തുടങ്ങിയവയെ സംസാരിക്കുന്നതിനിടെയാണ് മോശം അനുഭവമുണ്ടായത്. അടുത്തേക്കു വന്ന് ആദ്യം വളകളിൽ തൊട്ടു. മുടിയിൽ തലോടി കഴുത്തിലേക്ക് സ്പർശനം നീണ്ടപ്പോൾ ഇറങ്ങിയോടി. ടാക്സി വിളിച്ച് ഹോട്ടലിലേക്ക് പോയി. ഹോട്ടൽ മുറിയിലേക്ക് കടന്നുവരുമോയെന്ന് ഭയപ്പെട്ട് രാത്രി ഉറങ്ങിയില്ല.
തിരിച്ചുപോകാൻ വിമാന ടിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. സ്വന്തം ചെലവിൽ തൊട്ടടുത്ത ദിവസം ബംഗാളിലേക്ക് മടങ്ങി. ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോട് കാര്യങ്ങൾ പറഞ്ഞിരുന്നു. മലയാള സിനിമയിൽ പിന്നീട് അവസരം ലഭിച്ചില്ല. കേരളത്തിലേക്കും വന്നില്ല. അതിക്രമം നേരിട്ടവർ കുറ്രവാളികളുടെ പേര് വെളിപ്പെടുത്തണമെന്നും ശ്രീലേഖ പറഞ്ഞു.
നിഷേധിച്ച് രഞ്ജിത്ത്
നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് രഞ്ജിത്ത് പ്രതികരിച്ചു. ശ്രീലേഖ മിത്ര ഒഡീഷന് വന്നിരുന്നു. കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തതുകൊണ്ടാണ് പരിഗണിക്കാത്തത്.
അതേസമയം, രഞ്ജിത്തിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് നടി തന്നോട് പറഞ്ഞിരുന്നതായി ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫ് സ്ഥിരീകരിച്ചു. എവിടെയും മൊഴി നൽകാൻ തയ്യാറാണ്.