ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമ നടപടിയെടുക്കാനാകില്ലെന്നും നേരിട്ട് പരാതി ലഭിച്ചാൽ മാത്രമേ അതിനു കഴിയുകയുള്ളൂവെന്നും സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ട് പറഞ്ഞു.
പരാതിയുള്ളവർ സ്വമേധയ കേസ് ഫയൽ ചെയ്യണം. ഹേമ കമ്മിറ്റി ഒരു ജുഡിഷ്യൽ ബോഡി മാത്രമാണ്. ജുഡിഷ്യൽ ബോഡിക്ക് തെറ്റുകൾ ചൂണ്ടിക്കാട്ടാനും അതു പ്രകാരമുള്ള നടപടികൾ ശുപാർശ ചെയ്യാനും മാത്രമേ സാധിക്കൂ. വേട്ടക്കാർക്കെതിരെ പരാതി നൽകാൻ സിനിമാരംഗത്തെ വനിതകൾ മുന്നോട്ടുവരാത്തത് നിർഭാഗ്യകരമാണ്. അതിനുള്ള സാഹചര്യമുണ്ടാകണം.
വനിതകൾ സിനിമാമേഖലയിൽ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഇതുവരെ കേട്ടുകേൾവി മാത്രമായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചത് പ്രശംസനീയമാണെന്നും വൃന്ദ പറഞ്ഞു.