ന്യൂഡൽഹി: ഏകീകൃത പെൻഷൻ പദ്ധതി പ്രഖ്യാപനം കേന്ദ്രസർക്കാരിന്റെ യുടേൺ എന്ന് പരിഹസിച്ച് കോൺഗ്രസ്. നേരത്തെ പ്രഖ്യാപിച്ചിരുന്ന പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് പുതിയ പദ്ധതി കേന്ദ്രം കൊണ്ടുവന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധാർഷ്ട്യത്തിന് മുകളിൽ ജനശക്തി വിജയം നേടിയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു. വഖഫ് ബിൽ ജോയിന്റ് പാർലമെന്ററി സമിതിക്ക് വിട്ടതും, ബ്രോഡ്കാസ്റ്റ് ബില്ലിൽ നിന്ന് പിന്തിരിഞ്ഞതും, കേന്ദ്ര മന്ത്രാലയങ്ങളിലെ ഉന്നത തസ്തികകളിലേക്ക് സംവരണം അട്ടിമറിച്ച് ലാറ്ററൽ എൻട്രി നടത്താനുള്ള നീക്കം ഉപേക്ഷിച്ചതും ഖാർഗെ ചൂണ്ടിക്കാട്ടി.