തിരഞ്ഞെടുപ്പുകളെ പ്രൊഫഷണൽ രീതിയിൽ സമീപിക്കുന്നതാണ് മോദി- അമിത് ഷാ കൂട്ടുകെട്ട് നയിക്കുന്ന ബി.ജെ.പിയുടെ പ്രത്യേകത. തിരഞ്ഞെടുപ്പ് കമ്മിഷൻ തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പേ ബൂത്തുതലം മുതൽ തയ്യാറെടുത്ത്, മണ്ഡലങ്ങളിലെ അന്തരീക്ഷങ്ങളിൽ സ്വയം സ്വാധീനമുണ്ടാക്കുന്ന സമീപനം 2014-നു ശേഷം പാർട്ടിക്ക് ഏറെ വിജയങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അതേസമയം തിരഞ്ഞെടുപ്പു കാലത്ത് സ്ഥാനാർത്ഥി മോഹികളെക്കൊണ്ടുള്ള പൊല്ലാപ്പ് മറ്റെല്ലാ പാർട്ടികളിലെയും പോലെ ഇവിടെയുമുണ്ടാകും. എതിർപ്പുകളും പ്രതിഷേധങ്ങളും ഉയരുമെങ്കിലും അവ മിക്കവാറും പരിഹരിക്കാൻ ശക്തമായ കേന്ദ്ര നേതൃത്വത്തിന് കഴിയാറുണ്ട്. ചിലപ്പോഴൊക്കെ തിരിച്ചടികളും ഇല്ലാതില്ല. പക്ഷേ, കഴിഞ്ഞ ദിവസം ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിനായി ഇറക്കിയ 44 പേരുടെ ആദ്യ സ്ഥാനാർത്ഥിപ്പട്ടിക പിൻവലിച്ചത് പാർട്ടിയുടെ പ്രൊഫഷണൽ രീതികളുടെ തിളക്കം കെടുത്തുന്ന കാഴ്‌ചയായിരുന്നു.
ഈ സെപ്‌തംബർ 18, 25, ഒക്‌ടോബർ ഒന്ന് തീയതികളിൽ ചരിത്രപരമായ നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ജമ്മു കാശ്‌മീർ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്. ഏതാണ്ട് അഞ്ചുകൊല്ലം മുൻപ് തങ്ങളുടെ രണ്ടാമൂഴത്തിൽ രാജ്യം കണ്ട വൻ രാഷ്‌ട്രീയ നീക്കത്തിലൂടെ ജമ്മു കാശ്‌മീരിനുള്ള പ്രത്യേക അധികാരം ഇല്ലാതാക്കി കേന്ദ്രഭരണ പ്രദേശമാക്കിയ ബി.ജെ.പിക്ക് വിതച്ചതിന്റെ കൊയ്‌ത്തുഫലം ലഭിക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പാണിത്. 370-ാം വകുപ്പ് ഇല്ലാതാക്കി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം തുല്യാധികാര ഇടമാക്കിയ ജമ്മു കാശ്‌മീർ അഞ്ചു വർഷംകൊണ്ട് സമാധാനവും സ്വസ്ഥതയും പുലരുന്ന 'ഭൂമിയിലെ യഥാർത്ഥ" സ്വർഗമായെന്ന് ബി.ജെ.പിയും കേന്ദ്ര സർക്കാരും അവകാശപ്പെടുന്നുണ്ട്. കേരളത്തിൽ നിന്നടക്കം ടൂറിസ്റ്റുകളുടെ ആദ്യ ചോയ്‌സ് ആയി ജമ്മുകാശ്‌മീർ മാറിയത് 2019-ലെ നിർണായക തീരുമാനത്തിന്റെ അനന്തരഫലമാണെന്ന് അവർ ഹൈലൈറ്റ് ചെയ്യുന്നു.
ദാൽ തടാകം
പറയുന്നത്
അതിർത്തി ജില്ലകളിൽ ഭീകരത ശക്തമായി നിലനിൽക്കുന്നുണ്ടെങ്കിലും ജമ്മു കാശ്‌മീർ ജനത ആഗ്രഹിക്കുന്ന സമാധാനം കൈവന്നുവെന്ന് ജനങ്ങളും പൊതുവിൽ വിശ്വസിക്കുന്നുണ്ട്. ദാൽ തടാകത്തിലെ ബോട്ടുകൾ ചലിച്ചു തുടങ്ങി. വസന്തത്തിൽ ട്യൂലിപ്പുകൾ വിരിയുന്നതു കാണാൻ സഞ്ചാരികൾ കൂട്ടത്തോടെ എത്തുന്നു. ഭീകരതയുടെ അനിശ്ചിതത്വം സമ്മാനിച്ച പട്ടിണിക്കാലം മാറി. കീശയിൽ കാശു നിറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏറെ നീണ്ട വിശദമായ മണ്ഡല പുനർനിർണയത്തിനൊടുവിൽ സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മാറ്റങ്ങൾക്കു തുടക്കമിട്ട തങ്ങൾക്ക് ജമ്മുകാശ്‌മീർ സംസ്ഥാനത്തിന്റെ ജനവിധിയിലൂടെ അതിനുള്ള അംഗീകാരം ലഭിക്കണമെന്ന് നരേന്ദ്രമോദിയും അമിത്ഷായും ആഗ്രഹിക്കുന്നത് സ്വാഭാവികം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപ് ഇക്കഴിഞ്ഞ ജൂണിൽ 1500 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇക്കൊല്ലം പ്രധാനമന്ത്രിയുടെ യോഗ ദിനാഘോഷങ്ങളും അവിടെ നടത്തിയത് ചിലതൊക്കെ മനസിൽ കണ്ടു തന്നെ.
2014-ൽ ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷമായിരുന്നു ഒടുവിൽ ജമ്മു കാശ്‌മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് (2014 നവംബർ-ഡിസംബർ). അന്ന് 87 സീറ്റുണ്ടായിരുന്ന അവിഭക്ത ജമ്മു കാശ്‌മീർ നിയമസഭയിൽ 25 സീറ്റിൽ ജയിച്ച് നിർണായക ശക്തിയാകാൻ ബി.ജെ.പിക്കായി. 28 സീറ്റു നേടിയ പി.ഡി.പിക്കൊപ്പം ചേർന്ന് സംസ്ഥാനം ഭരിക്കുകയും ചെയ്‌തു. ഏച്ചുകെട്ടിയ സഖ്യം ഭിന്നതകൾ കാരണം 2018-ൽ തകരുകയും, ബി.ജെ.പി പിന്തുണ പിൻവലിച്ചതോടെ സർക്കാർ വീഴുകയും ചെയ്‌തു. അതിനു ശേഷമായിരുന്നു 2019-ലെ നിർണായക മാറ്റങ്ങൾ. അങ്ങനെ മാറ്റങ്ങൾക്കു വിധേമായ ജമ്മു കാശ്‌മീർ ഒരു തിരഞ്ഞെടുപ്പിനെ നേരിട്ടത് ഇക്കഴിഞ്ഞ ഏപ്രിൽ-മേയ് മാസങ്ങളിലാണ്. 2024 ഏപ്രിൽ 19-നും മെയ് 25-നും ഇടയിൽ അഞ്ച് ഘട്ടങ്ങളിലായി നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 58.58 ശതമാനം റെക്കാഡ് പോളിംഗും രേഖപ്പെടുത്തി. അതിനേക്കാൾ പ്രധാനം, ഒറ്റയ്‌ക്കു മത്സരിച്ച ബി.ജെ.പി രണ്ടു സീറ്റ് (ഉധംപൂർ, ജമ്മു) നേടിയതാണ്. 'ഇന്ത്യ" മുന്നണിക്കു കീഴിൽ മത്സരിച്ച നാഷണൽ കോൺഫറൻസ്, കോൺഗ്രസ്, പഴയ സഖ്യകക്ഷിയായ പി.ഡി.പി എന്നിവയുടെ വെല്ലുവിളി അതിജീവിച്ചായിരുന്നു വിജയം.
മുസ്ളിം വോട്ടിൽ
കാവിക്കണ്ണ്
ഇതിന്റെ തുടർച്ചയായാണ് അടുത്ത മാസം ജമ്മു കാശ്‌മീർ വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രതീക്ഷിച്ചതു പോലെ കോൺഗ്രസും നാഷണൽ കോൺഫറൻസും സഖ്യം പ്രഖ്യാപിച്ചു. പി.ഡി.പി അവർക്കൊപ്പം സീറ്റ് ധാരണയിലില്ലെങ്കിലും ബി.ജെ.പിക്കെതിരാണ്. പി.ഡി.പി ശക്തമായ മണ്ഡലങ്ങളിൽ 'ഇന്ത്യ" കക്ഷികളുടെ പിന്തുണ ലഭിച്ചേക്കാം. കാശ്‌മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി നിലകൊള്ളുന്ന ബി.ജെ.പി പക്ഷേ ജമ്മു കാശ‌്‌മീരിലെ സമാധാനാന്തരീക്ഷം തങ്ങൾക്ക് മുസ്ളിം വോട്ടുകളും നേടിത്തരുമെന്ന പ്രതീക്ഷ വച്ചുപുലർത്തുന്നു.
കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പി.ഡി.പി, പാന്തേഴ്‌സ് പാർട്ടികളിൽ നിന്ന് ഏറെ നേതാക്കളെ തങ്ങളുടെ പാളയത്തിലെത്തിച്ച് പതിവ് തിരഞ്ഞെടുപ്പു തന്ത്രങ്ങളും ബി.ജെ.പി ഇവിടെ പയറ്റുന്നു. മുസ്ളിം നേതാക്കളുമുണ്ട് ഇക്കൂട്ടത്തിൽ. കഴിഞ്ഞ ദിവസം ബി.ജെ.പി പ്രഖ്യാപിച്ച 44 പേരുടെ ആദ്യ സ്ഥാനാർത്ഥിപ്പട്ടികയിൽ മറ്റു പാർട്ടികളിൽ നിന്നെത്തിയ നേതാക്കളുമുണ്ടായിരുന്നു. സയ്യിദ് വസാഹത്ത് (അനന്ത്നാഗ്), ഗജയ് സിംഗ് റാണ (ദോഡ), ജാവേദ് അഹമ്മദ് ഖാദ്രി (ഷോപിയാൻ) സയ്യിദ് ഷോകത്ത് ഗയൂർ അന്ദ്രാബി (പാംപോർ), അർഷിദ് ഭട്ട് (രാജ്‌പോര), റഫീഖ് വാനി (അനന്ത്നാഗ് വെസ്റ്റ്), സുശ്രീ ഷാഗുൻ പരിഹാർ (കിഷ്‌തർ) തുടങ്ങിയ 'വരത്തൻ"മാരുടെ പേരുകൾ പട്ടികയിൽ കണ്ടതോടെ 'യഥാർത്ഥ" പാർട്ടിക്കാർക്ക് സഹിച്ചില്ല. ജമ്മുവിലെ പാർട്ടി ആസ്ഥാനത്ത് ടിക്കറ്റ് മോഹികളുടെ അനുയായികൾ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നു.
വോട്ടർമാരായതു മുതൽ തങ്ങൾ ബി.ജെ.പിക്കൊപ്പമാണെന്നും, എന്തിനാണ് അവഗണിക്കുന്നതെന്നും ജമ്മു നോർത്തിലെ അറിയപ്പെടുന്ന നേതാവായ ഒമി ഖജൂരിയയുടെ അനുയായികൾ ചോദിച്ചു. കോൺഗ്രസിൽ നിന്നു വന്ന ശ്യാംലാൽ ശർമ്മ പട്ടികയിൽ ഇടംപിടിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്. സത്യസന്ധതയോടെ പ്രവർത്തിക്കുന്നവർക്ക് ടിക്കറ്റ് ലഭിക്കണമെന്നും അതല്ലെങ്കിൽ കൂട്ടരാജിയുണ്ടാകുമെന്നും അവർ പറഞ്ഞു. തുടർന്ന് സംസ്ഥാന അദ്ധ്യക്ഷൻ രവീന്ദർ റെയ്‌ന നേതാക്കളുമായി ചർച്ച നടത്തുകയും 44 പേരുടെ പട്ടിക പിൻവലിക്കുകയുമായിരുന്നു. പിന്നീട് 15 പേരുടെ പട്ടികയും, തൊട്ടുപിന്നാലെ കോക്കർനാഗ് മണ്ഡലത്തിലേക്ക് ചൗധരി റോഷൻ ഹുസൈൻ ഗുജ്ജറിന്റെ പേരുമായി മറ്റൊന്നും പുറത്തിറക്കി.
തുടക്കത്തിലേ
തിരുത്ത്
44 പേരുടെ പട്ടിക പിൻവലിച്ചത് വിമർശന വിധേമായെങ്കിലും എതിർപ്പുകളെ അടിച്ചമർത്താതെ പ്രായോഗിക രാഷ്‌ട്രീയത്തിന്റെ വകതിരിവോടെ നേരിട്ടതാണെന്ന വാദവുമുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ വൻ തിരിച്ചടി നേരിട്ടത് കേന്ദ്ര നേതൃത്വം അടിച്ചേൽപ്പിച്ച സ്ഥാനാർത്ഥികൾക്ക് പ്രാദേശിക തലത്തിൽ പണി കിട്ടിയതുകൊണ്ടായിരുന്നല്ലോ. അത്തരം തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊണ്ടാവാം ഒരു തിരുത്തൽ നടപടിയുണ്ടായത്. മറുപക്ഷത്ത് കോൺഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നാഷണൽ കോൺഫറൻസ് നേതാക്കളായ ഫറൂഖ് അബ്‌ദുള്ള, മകൻ ഒമർ അബ്‌ദുള്ള എന്നിവരുമായി രാഹുൽ ഗാന്ധി നല്ല ഇഴയടുപ്പം സൂക്ഷിക്കുന്നു. കഴിഞ്ഞ ദിവസം രാഹുൽ ശ്രീനഗറിലെ അവരുടെ വീട്ടിലെത്തിയാണ് സഖ്യ ധാരണകളുറപ്പിച്ചത്.
സീറ്റുകൾ പങ്കുവയ്‌ക്കുന്നതിൽ ചില്ലറ ആശയക്കുഴപ്പമുണ്ടായപ്പോൾ വിശ്വസ‌്‌തൻ കെ.സി. വേണുഗോപാലിനെ അയച്ച് കാര്യങ്ങൾ തീർപ്പാക്കി. നാഷണൽ കോൺഫറൻസിന് ജമ്മുവിലുള്ള സ്വാധീനം അംഗീകരിച്ച് 32 സീറ്റിലൊതുങ്ങാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. എന്തു വിലകൊടുത്തും ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റുകയാണ് ലക്ഷ്യം. സമ്പൂർണ പദവിയില്ലാത്ത ജമ്മുകാശ്‌മീരിലെ ജനകീയ സർക്കാരിനെ ലെഫ്റ്റനന്റ് ഗവർണറിലൂടെ അമിത് ഷായുടെ ആഭ്യന്തര മന്ത്രാലയം മൂക്കുകയറിടുമെങ്കിലും ബി.ജെ.പിക്കെതിരെ 'ഇന്ത്യ" മുന്നണിയുടെ മുദ്ര അവിടെ പതിപ്പിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. ഒരു വശത്ത് ഭീകരർ ഉയർത്തുന്ന വെല്ലുവിളികൾക്കു പുറമെ 'ഇന്ത്യ" മുന്നണിയുടെ രാഷ്‌ട്രീയവും ബി.ജെ.പിക്ക് തിരഞ്ഞെടുപ്പിൽ നേരിടണം. അതിനാൽ പട്ടിക പിൻവലിച്ചിട്ടായാലും തിരുത്തേണ്ടത് തിരുത്തണമെന്ന നിലപാടിലാണ് പാർട്ടി.