ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിൽ ഇനി എത്ര സാക്ഷികളെ വിസ്‌തരിക്കാനുണ്ടെന്ന് സംസ്ഥാന സർക്കാരിനോട് ആരാഞ്ഞ് സുപ്രീംകോടതി. മുഖ്യപ്രതി പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണിത്. സുനി ഏഴുവർഷമായി ജയിലിലാണെന്ന് ജസ്റ്രിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അന്വേഷണോദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ മൊഴിയെടുക്കൽ നീളുന്നുവെന്ന് സുനിയുടെ അഭിഭാഷകൻ പറഞ്ഞു. 95 ദിവസമായി പ്രോസിക്യൂഷൻ സാക്ഷിയായി വിസ്‌തരിക്കുകയാണെന്നും ബോധിപ്പിച്ചു. വിസ്‌താരവുമായി ബന്ധപ്പെട്ട രേഖകൾ രണ്ടാഴ്ചയ്‌ക്കം ഹാജരാക്കാനും വിചാരണാ പുരോഗതി അറിയിക്കാനും കോടതി നിർദ്ദേശം നൽകി. ഹർജി സെപ്‌തംബർ 17ന് വീണ്ടും പരിഗണിക്കും.