ന്യൂഡൽഹി : ജാമ്യമാണ് നിയമമെന്നും ജയിൽ അനിവാര്യ സാഹചര്യത്തിൽ മാത്രമേ പാടുള്ളൂവെന്നുമുള്ള തത്വം കള്ളപ്പണം തടയൽ നിയമ പ്രകാരമുള്ള കേസുകൾക്കും ബാധകമെന്ന് സുപ്രീംകോടതി.
ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കൂട്ടാളിയെന്ന് ആരോപണമുയർന്ന പ്രേം പ്രകാശിന് ജാമ്യം അനുവദിച്ചാണ് നിലപാട്. ജാമ്യാപേക്ഷയിൽ വ്യക്തിയുടെ സ്വാതന്ത്ര്യത്തിനാണ് മുഖ്യപരിഗണനയെന്ന് ജസ്റ്രിസുമാരായ ബി.ആർ.ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
മദ്യനയക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്ക് ജാമ്യം അനുവദിക്കവേ, ജാമ്യമാണ് നിയമമെന്ന് വ്യക്തമാക്കിയതും ഓർമ്മിപ്പിച്ചു. ജാർഖണ്ഡിലെ കേസിൽ വിചാരണ നീളുന്നത് കോടതി കണക്കിലെടുത്തു. പ്രേം പ്രകാശിനെതിരെയുള്ള കുറ്റങ്ങൾ പ്രഥമദൃഷ്‌ട്യാ നിലനിൽക്കില്ല. തെളിവുകൾ നശിപ്പിക്കാനും സാദ്ധ്യതയില്ല.
അഞ്ചുലക്ഷം രൂപയുടെ ബോണ്ട് വ്യവസ്ഥയോടെയാണ് ജാമ്യം.
യു.എ.പി.എ പോലുള്ള പ്രത്യേക നിയമങ്ങൾക്കും ജാമ്യതത്വം ബാധകമാണെന്ന് സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് നേരത്തെ പറഞ്ഞിരുന്നു. 2022ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബീഹാർ സന്ദർശനത്തിനിടെ കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിച്ചെന്ന യു.എ.പി.എ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചായിരുന്നു നിരീക്ഷണം. മുഖ്യപ്രതികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനത്തിന് വീട് വാടകയ്‌ക്ക് കൊടുത്തെന്ന് ആരോപണമുയർന്ന 61കാരനായ മുൻ പൊലീസുകാരൻ ജലാലുദ്ദിൻ ഖാനാണ് ജാമ്യം അനുവദിച്ചത്.
തെളിവുശേഖരണത്തിലും വിമർശനം
ജാർഖണ്ഡിലെ ഒരു ഇ.ഡി കേസിൽ കസ്റ്റഡിയിലായിരിക്കെ പ്രതി നൽകിയ മൊഴി ഉപയോഗിച്ചാണ് രണ്ടാമത്തെ ഇ.ഡി കേസിലും പ്രതിയാക്കിയതെന്ന കാര്യം കോടതി പരിഗണിച്ചു. ഇത് നിയമപരമായി നിലനിൽക്കില്ല. അത് അനുവദിച്ചാൽ നിയമ സംവിധാനത്തെ പരിഹാസ്യമാക്കുമെന്നും കോടതി പറഞ്ഞു.