ന്യൂഡൽഹി: വഖഫ് ബിൽ അടക്കം നിർണായക നിയമനിർമ്മാണങ്ങൾക്ക് സാദ്ധ്യതയുള്ള പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് തയ്യാറെടുക്കുന്ന കേന്ദ്രസർക്കാരിന് ഇനി ആശ്വാസം. ലോക്സഭയ്ക്കു പുറമെ രാജ്യസഭയിലും എൻ.ഡി.എ ഭൂരിപക്ഷമുറപ്പിച്ചു. ആറ് നോമിനേറ്റഡ്, രണ്ട് സ്വതന്ത്രർ അടക്കം എൻ.ഡി.എയ്ക്ക് 121 അംഗങ്ങളുടെ പിന്തുണയായി. എട്ടു സീറ്റ് ഒഴിവുള്ളതിനാൽ 237 അംഗ രാജ്യസഭയിൽ 119 ആണ് ഭൂരിപക്ഷത്തിന് വേണ്ടത്. കഴിഞ്ഞ ദിവസം ജയിച്ച ഒമ്പത് ബി.ജെ.പി എം.പിമാർ അടക്കം 11 എൻ.ഡി.എ അംഗങ്ങളെക്കൂടി ലഭിച്ചതോടെയാണ് ഭൂരിപക്ഷം ഉറപ്പായത്. രാജ്യസഭ ഉപതിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്താൽ ബി.ജെ.പി അംഗബലം 96 ആകും. സഖ്യകക്ഷികൾ: ജെ.ഡി.യു(4), എൻ.സി.പി(3), ജെ.ഡി.എസ്(1), ശിവസേന(1), ആർ.പി.ഐ(1), ആർ.എൽ.ഡി(1), ആർ.എൽ.എം(1), പി.എം.കെ(1), എ.ജി.പി(1), എൻ.പി.പി(1), യു.പി.പി.എൽ(1), തമിഴ്മാനില കോൺഗ്രസ് (1). പുറത്തു നിന്നുള്ള പിന്തുണ:
അണ്ണാ ഡി.എം.കെ(4)
രാജ്യസഭയിൽ നാല് നോമിനേറ്റഡ് അംഗങ്ങളുടെയും ജമ്മു കാശ്മീരിലെ നാലും അടക്കം എട്ടു സീറ്റുകളാണ് നികത്താനുള്ളത്. പൂർണ അംഗബലമുള്ള സഭയിൽ ഭൂരിപക്ഷം 122 ആണ്. നാല് നോമിനേറ്റഡ് സീറ്റുകൾ കൂടി എത്തുമ്പോൾ എൻ.ഡി.എ പിന്തുണ 125 ആയി ഉയരും. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ രാജിവച്ചതിനെ തുടർന്ന് രണ്ടുമാസമായി രാജ്യസഭയിലെ എൻ.ഡി.എ അംഗബലത്തിൽ കുറവു വന്നിരുന്നു. കഴിഞ്ഞ ബഡ്ജറ്റ് സമ്മേളനത്തിൽ നിർണായക ബില്ലുകൾ കൊണ്ടുവരാതിരുന്നതും അതിനാലാണ്. രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് എൻ.ഡി.എ അംഗബലം 110 ആയിരുന്നു.
പ്രതിപക്ഷം @ 88
തെലങ്കാനയിൽ നിന്ന് മനു അഭിഷേക് സിംഗ്വി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യസഭയിൽ കോൺഗ്രസ് അംഗ ബലം 27ഉം പ്രതിപക്ഷ 'ഇന്ത്യ' മുന്നണിക്ക് 88 ആകും. മറ്റ് കക്ഷികൾ: തൃണമൂൽ കോൺഗ്രസ് (13), ആം ആദ്മി പാർട്ടി(10), ഡി.എം.കെ (10), ആർ.ജെ.ഡി(5), സമാജ്വാദി പാർട്ടി(4), സി.പി.എം(4), ജെ.എം.എം(3), എൻ.സി.പി-എസ്.പി(2), ശിവസേന-ഉദ്ധവ്(2) സി.പി.ഐ(2), മുസ്ളീംലീഗ്(2), കേരളാകോൺഗ്രസ്(1), എം.ഡി.എം.കെ(1), എ.ജി.എം(1), സ്വതന്ത്രൻ(1).
നിക്ഷ്പക്ഷ പാർട്ടികൾ: വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടി(11), ബി.ജെ.ഡി(8), ബി.ആർ.എസ്(4), ബി.എസ്,പി(1), എം.എൽ.എഫ്(1)