z

ന്യൂഡൽഹി: വനിത ഗുസ്‌തി താരങ്ങളോട് ലൈംഗിക അതിക്രമം കാട്ടിയെന്ന കേസും വിചാരണനടപടികളും റദ്ദാക്കണമെന്ന പ്രതിയും ഗുസ്‌തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിന്റെ ആവശ്യത്തിൽ ഡൽഹി ഹൈക്കോടതി അടിയന്തരസ്വഭാവത്തോടെ ഇടപെട്ടില്ല. ലൈംഗിക അതിക്രമ കുറ്റം ഉൾപ്പെടെ ചുമത്തി ഡൽഹി റൗസ് അവന്യു കോടതി വിചാരണാനടപടികളിലേക്ക് കടന്നിരുന്നു. കുറ്റം ചുമത്തിയത് ചോദ്യംചെയ്‌ത് ബ്രിജ്ഭൂഷണ് ആ സമയത്ത് ഹൈക്കോടതിയെ സമീപിക്കാമായിരുന്നു. എന്നാൽ, വിചാരണാനടപടികൾക്ക് തുടക്കമിട്ട ശേഷം കേസ് അപ്പാടെ റദ്ദാക്കണമെന്ന ആവശ്യവുമായി വന്നിരിക്കുന്നത് വളഞ്ഞവഴിയാണെന്ന് ജസ്റ്റിസ് നീന ബൻസൽ കൃഷ്‌ണ നിരീക്ഷിച്ചു. വാദമുഖങ്ങൾ വ്യക്തമാക്കി രണ്ടാഴ്ചയ്‌ക്കകം കുറിപ്പ് സമർപ്പിക്കാൻ കോടതി ബ്രിജ്ഭൂഷണ് നിർദ്ദേശം നൽകി.

അക്രമത്തിനിരയായ കായിക താരങ്ങളും കേസ് അന്വേഷിച്ച ഡൽഹി പൊലീസും ഹർജിയെ എതിർത്തു. കേസ് രഹസ്യ അജൻഡയുടെ ഭാഗമെന്ന് ബ്രിജ്ഭൂഷണിന്റെ അഭിഭാഷകൻ വാദിച്ചു. ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാനാണ് പരാതിക്കാരായ വനിത ഗുസ്‌തി താരങ്ങൾ ലക്ഷ്യമിട്ടത്. സെപ്‌തംബ‌ർ 26ന് വിഷയം വീണ്ടും പരിഗണിക്കും. അഞ്ച് വനിത ഗുസ്‌തി താരങ്ങളോട് അതിക്രമം കാണിച്ചെന്ന ആരോപണമാണ് ബ്രിജ്ഭൂഷൺ നേരിടുന്നത്. ഫെഡറേഷൻ മുൻ സെക്രട്ടറി വിനോദ് തോമർ കുറ്റപത്രത്തിൽ കൂട്ടുപ്രതിയാണ്.